Monday, October 31, 2011

2011 ഒക്ടോബര്‍ മാസം മുപ്പത്തിയൊന്നാം തിയതി തിങ്കളാഴ്ച ...:- Bentin

 അങ്ങനെ 2011 ദീപാവലിയും കഴിഞ്ഞു പോയി.
വീണ്ടും ഓഫീസില്‍ എത്തി. ഇപ്പ്രാവശ്യവും ഓഫീസില്‍ നിന്ന് കുറച്ചു പടക്കങ്ങള്‍ കിട്ടി. അത് പോട്ടിചായിരുന്നു ഇത്തവണത്തെ ആഘോഷം.
എന്തുകൊണ്ടെന്നറിയില്ല, ആകെ ഒരു നനഞ്ഞ മട്ടായിരുന്നു ഇത്തവണത്തെ ദീപാവലിക്ക്. ചിലപ്പോള്‍ തകര്‍ത്തു പെയ്ത മഴ കാരണം തോന്നിയതാവാം. മറ്റൊരു കാരണം മാസാവസാനം ആയതു കൊണ്ട് കീശ കാലിയായിരുന്നു എന്നതാണ്, അപ്പോള്‍ ദീപാവലിയുടെ ചൂടും കുറയുമല്ലോ.

പിന്നെ ഈ ദീപാവലിക്ക് അത്ഭുതങ്ങള്‍ പലതും നടന്നു. പടക്കം വാങ്ങാന്‍ കാശില്ലാണ്ടിരുന്നപ്പോ, കമ്പനി കുറെ പടക്കവും, പാമ്പും, പൂത്തിരിയും, കമ്പിത്തിരിയും ഗിഫ്റ്റ് ആയി തന്നു. മധുരം വാങ്ങാന്‍ കാശിലാണ്ടിരുന്നപ്പോ അയല്‍വാസി പ്രൊഫസ്സര്‍ ഒരു പായ്ക്കറ്റ് മധുരം നല്‍കി ദീപാവലി സന്തോഷം പങ്കുവെച്ചു. അതിലും വലിയ അത്ഭുതം എന്താണെന്നുവെച്ചാല്‍ കൃത്യം ഇരുപത്തിയഞ്ചാം തിയതി രാത്രി തന്നെ ശമ്പളം അകൌണ്ടില്‍ വന്നു എന്നതാണ്.ദൈവത്തിന്റെ നടത്തിപ്പ് ഭയങ്കരം തന്നെ.

മോളു വീട്ടിലോട്ടു പോയിരിക്കയാണ്‌. ഇന്ന് വൈകിട്ട് അവിടെന്നു വണ്ടി കയറും, നാളെ വീണ്ടും പുതുച്ചേരിയില്‍. അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെ.
വേറേ വിശേഷങ്ങള്‍ ഒന്നും ഇല്ല, തല്‍ക്കാലം നിരത്തുന്നു.

ബൈ ബൈ ...പിന്നെ കാണാം......

Monday, October 24, 2011

2011 ഒക്ടോബര്‍ മാസം ഇരുപത്തി നാലാം തിയതി തിങ്കളാഴ്ച..:-Bentin

കഴിഞ്ഞ ജുണ്‍ മാസം ആണ് അവസാനമായി ഞാന്‍ ഇവിടെ എഴുതിയത്......ഒത്തിരി ദിവസങ്ങള്‍ കഴിഞ്ഞു പോയി.....വലിയ വലിയ സംഭവങ്ങളും...
                                                                              ഞാന്‍ ആകെ മാറിപോയി എന്ന് തോന്നുന്നു.....കാലത്ത് അഞ്ചു മണിക്കൊക്കെ എഴുന്നെട്ടിരുന്ന ഞാന്‍ ഇപ്പൊ വൈകിയാണ് എണീക്കുന്നത്.....പിന്നെ വേറെ ചില പ്രശ്നങ്ങളും......
                                                                     നാട്ടിലോട്ടു പോയാലോ എന്നാണു ആലോചന...പിന്നെ എല്ല്ലാം ദൈവത്തിന്റെ കയ്യില്‍ ഏല്‍പ്പിക്കുന്നു.....നാളെയും മറ്റന്നാളും ദീപാവലിയുടെ അവധിയാണ്. വീട്ടില്‍ തന്നെ ചുരുണ്ട് കൂടി കിടക്കേണ്ടി വരും........ഇന്നലെ നല്ല മഴപെയ്തിരുന്നു. ഇന്നും തുടരുമെന്ന് കരുതുന്നു...ദീപാവളെ വെള്ളത്തിലാകുമോ എന്തോ.....
                                                 അപ്പൊ ഞാന്‍ പോയിട്ട് പിന്നെ വരാം....ബൈ ബൈ..........

Wednesday, June 1, 2011

2011 ജുണ്‍ മാസം ഒന്നാം തിയതി ബുധനാഴ്ച.............:- Bentin.

                                                           കഴിഞ്ഞ രണ്ടു ദിവസവും നല്ല ഓട്ടമായിരുന്നു. വീടിന്റെ കാര്യത്തിനു. ഇന്നലെ തങ്കമാളികൈ ഓഫീസില്‍ പോയി സംസ്സാരിച്ചു, ഒരു മാസം കൂടി സമയം വേണമെന്ന് ആവശ്യ പെട്ടു, അവരത് സമ്മതിക്കുകയും ചെയ്തു. ഇനി ഒരു മാസത്തിനുള്ളില്‍ വീട് മാറണം. അത് ചെയ്തു തീര്‍ക്കാവുന്നതേ ഉള്ളു. ഓഫീസ്സില്‍ കാര്യങ്ങള്‍ സുഗമമായി പോകുന്നു. ജോലികള്‍ എല്ലാം ഏകദേശം ഒതുങ്ങി. ഇനി സ്വസ്ഥം സുഖം.വീട് മാറിക്കഴിഞ്ഞാല്‍ അതിലും സുഖമാവും. എല്ലാം നല്ലപടിയായി നടന്നാല്‍ മതിയായിരുന്നു. കര്‍ത്താവേ....നീ തന്നെ ശരണം.
മോളുന്നു ഇന്ന് പരീക്ഷ തുടങ്ങുന്നു. പതിനേഴാം തിയതി വരെ പരീക്ഷയാണ്. അത് കഴിഞ്ഞു ഞാന്‍ ചെന്ന് വിളിച്ചോണ്ട് വരണം. പതിനേഴാം തിയതി തന്നെ ഇങ്ങോട്ട് വരണോ അതോ ഒരാഴ്ച കഴിഞ്ഞു വിളിച്ചോണ്ട് വന്നാല്‍ മതിയോ എന്നാണു ഞാന്‍ ആലോചിക്കുന്നത്.
                                                                എന്തായാലും പരീക്ഷ കഴിഞ്ഞിട്ട് തിരുവനന്തപുരത്ത് വീട്ടില്‍ കൊണ്ട് ചെന്നാക്കണം. പിന്നെ ഞാന്‍ പുതുച്ചേരിയില്‍ ഒന്ന് വന്നിട്ട് പോകേണ്ട ആവശ്യം ഉണ്ട്.അത് കൂടി കഴിഞ്ഞാല്‍ പിന്നെ അടുത്ത ആഴ്ച ചെന്ന് വിളിച്ചു കൊണ്ട് വരും. ഇപ്പൊ അതാണ്‌ തീരുമാനം.പിന്നെ അവിടെ ഹോസ്റ്റല്‍ ഒഴിയുന്നതാണ് നല്ലതെന്ന് മോള് പറഞ്ഞു. അതിന്റെ കാര്യവും ഒന്ന് നോക്കണം. ബാക്കിയൊക്കെ നന്നായി പോകുന്നു. പരീക്ഷയ്ക്ക് വേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്‌ഥിക്കുന്നു.....അപ്പൊ പിന്നെ കാണാം ....ബൈ...ബൈ....

Monday, May 30, 2011

2011 മേയ് മാസം മുപ്പതാം തിയതി തിങ്കളാഴ്ച ........:- Bentin

                                                        ഒത്തിരി തമാശകളുണ്ടായി കഴിഞ്ഞ രണ്ടു ദിവസത്തില്‍. ശനിയും ഞായറും കൊണ്ട് വീട് മാറണം എന്ന് തീരുമാനിച്ചതാണ്, പക്ഷെ നടന്നില്ല. പിന്നെയും ഒത്തിരി കാര്യങ്ങള്‍ ഉണ്ടായി. ഇന്നലെ അറുപതു രൂപ മുടക്കി ഏഴുപത്തിനാല് രൂപ ചിലവാക്കി.....ഒന്നും മനസ്സിലായില്ല അല്ലെ....കഴിഞ്ഞ ഒരാഴ്ച്ചയായി എനിക്ക് ചെറിയ ജലദോഷമുണ്ടായിരുന്നു, ഞാന്‍ ഡി കോള്‍ഡ് മരുന്ന് വാങ്ങി കഴിച്ചു....ശനിയാഴ്ച്ച ആയപ്പോ ഇത്തിരി ആശ്വാസം തോന്നി.....എന്നാലും നാലുനെരത്തെ മരുന്ന് കൂടി കഴിച്ചാല്‍ പൂര്‍ണമായും മാറുമായിരുന്നുള്. പക്ഷെ ഉച്ചയ്ക്ക് ചുമ്മാ കറങ്ങിത്തിരിഞ്ഞ്‌ വരുന്ന വഴിക്ക് ഞാന്‍ ഒരു ഫാന്റ വാങ്ങി കുടിച്ചു, രണ്ടു ലിറ്ററിന് അറുപതു രൂപ........അപ്പൊ ഒരു പകുതി ചെലവ് മനസ്സിലായി കാണുമല്ലോ........ഇതു കുടിച്ചു കുടിച്ചു അവസാനം എനിക്ക് വൈകുന്നേരമായപ്പോ.....തൊണ്ട വേദന തുടങ്ങി. പിന്നെ ചുമയും......അറുപതു രൂപകൊടുത്ത് വാങ്ങിയത് ഇതൊക്കെയാണ്......
വൈകിട്ട് ബീച്ചില്‍ ഒന്ന് കറങ്ങി.....തല വിയര്‍ത്തപ്പോ ചുമ വീണ്ടും കൂടി....വരുന്ന വഴിക്ക് മരുന്ന് വാങ്ങണം എന്ന് തീരുമാനിച്ചു......മരുന്ന് കടയില്‍ നിന്നും ഒരു കഫ്ഫ് സിറപ്പും , വികസ് വെപ്പോ റബ്ബിന്റെ ഒരു ടബ്ബയും, പിന്നെ എട്ടു ഡി കോള്‍ഡ് ടാബ്ലെട്ടും വാങ്ങി.....മൊത്തം എഴുപത്തിനാല് രൂപ.......ഇപ്പൊ വാലറ്റം വരെ കാര്യം മനസ്സിലായിട്ടുണ്ടാവുമല്ലോ.......അപ്പൊ ഇനി പിന്നെ കാണാം.......ബൈ ബൈ....

Friday, May 27, 2011

2011 മേയ്മാസം ഇരുപത്തിയേഴാം തിയതി വെള്ളിയാഴ്ച...Bentin :-

                                                                           ഏകദേശം ഒന്നേകാല്‍ മാസത്തിനു ശേഷമാണ് ഞാന്‍ ഈ ബ്ലോഗില്‍ എഴുതുന്നത്......മേയ് മാസം ഒന്‍പതാം തിയതി എന്റെ കല്യാണമായിരുന്നു. ഇപ്പോള്‍ കുടുംബസ്ഥന്‍. അങ്ങനെ ജീവിതത്തില്‍ വലിയൊരു സംഭവം നടന്നു....ഒത്തിരി വ്യത്യാസങ്ങള്‍ ഒന്നും ജീവിതത്തില്‍ വന്നിട്ടില്‍......ഇച്ചിരി കൂടി മാനസിക പിരിമുറുക്കം കൂടി എന്ന് തോന്നുന്നു.....പുതിയ ജീവിതത്തിന്റെ പുകച്ചിലാവും. കുറച്ചു കഴിയുമ്പോള്‍ ശാന്തമാകും എന്നാണു വിശ്വാസം.
                   മോളൂനു ഇപ്പൊ പരീക്ഷയാണ്......ജൂണ്‍ മാസം പതിനേഴാം തിയതി വരെ പരീക്ഷയുണ്ട്. പരീക്ഷ കഴിഞ്ഞിട്ട് മോളൂനെ പുതുചെരിയിലോട്ടു കൂട്ടികൊണ്ട് വരണം. ഒരു കുഞ്ഞു വീട് ശരിയായിട്ടുണ്ട്, ഇന്ന് അതിനു അഡ്വാന്‍സ് കൊടുത്തു കരാറെഴുതണം. ഏഴുമണിക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.
                       വീട്ടില്‍ കാര്യങ്ങള്‍ വളരെ ഭംഗിയായി പൊയ്ക്കൊണ്ടിരിക്കുന്നു. പപ്പയും അമ്മയും മരുമകളും ഇപ്പൊ വല്ല്യ ലോഹ്യത്തിലാണ്.ഞായറാഴ്ച മോളൂനെ ചിലപ്പോള്‍ അവളുടെ അമ്മ വന്നു കൊണ്ട് പോകും. തിരിച്ചു ഹോസ്റ്റലില്‍ പോകുന്നതിനു മുന്‍പ് ഒരുദിവസം വീട്ടില്‍ നില്‍ക്കണം എന്ന് അവള്‍ക്കും, നിര്‍ത്തണം എന്ന് അമ്മയ്ക്കും ആഗ്രഹം ഉണ്ട്.
                                                              എനിക്ക് ഈ ശനിയും ഞായറും കൊണ്ട് വീട് മാറണം. പുതിയ ചുറ്റുപാടുമായി പരിചയപെടണം. ഇതൊക്കെയാണ് എന്റെ മുന്നിലെ കടമ്പകള്‍. എല്ലാം ഭംഗിയായി നടക്കും എന്ന് തന്നെ വിശ്വസിക്കുന്നു. ഇന്ന് എല്ലാം നല്ലപടി നടന്നാല്‍ നന്നായിരുന്നു.
                                

Thursday, March 10, 2011

2011 മാര്‍ച്ച് പത്താം തിയതി വ്യാഴാഴ്ച.........:- Bentin

                                                                               കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതിയാണ് ഞാന്‍ അവസാനമായി ഇവിടെ എഴുതിയത്.ഏകദേശം ഇരുപതു ദിവസത്തെ ഇടവേള. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ദിവസങ്ങള്‍ എത്ര പെട്ടെന്നാണ് പോകുന്നത്. ഇന്ന് മുതല്‍ മോളുനു പ്രീ മാരിറ്റല്‍ കോഴ്സ് തുടങ്ങുകയാണ്. തിരുവനന്തപുരത്തെ എല്‍ എം എസ് കോമ്പോണ്ടില്‍ ഉള്ള പോളിയോ ഹോമില്‍ വെച്ചാണ് പരിശീലനം. ഞാനും കൂടെ പോകേണ്ടതാണ്. പക്ഷെ ജോലി സംബന്ധമായി വിദേശത്ത് പോകേണ്ടി വരും എന്നുള്ളതുകൊണ്ട് എനിക്ക് പോകാന്‍ കഴിഞ്ഞില്ല. നാളെ മിക്കവാറും ഞാന്‍ ഇന്ത്യ വിടും....പിന്നെ ഒന്നര മാസത്തെ പ്രവാസ കാലം. അവിടെ പോയാല്‍ ഒടുക്കത്തെ പണിയാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് സമയം പോകും. ഇനി കല്യാണം കഴിഞ്ഞിട്ട് പോകുക പ്രയാസമാണ്. അവള്‍ക്കാണെങ്കില്‍ കോളേജ് ഉള്ളതാണ് . ഇപ്പൊ പോയിട്ട് വന്നാല്‍ കൊള്ളാം.
                                                           ഇന്നിവിടെ വരാനുള്ള പ്രധാന വിഷയം മറ്റൊന്നാണ്. ഗൂഗിള്‍ ബസ്സില്‍ എനിക്ക് കുറേ ഫോളോവേര്‍സിനെ കിട്ടി. എന്റെ പിറകെ വന്നപ്പോ ഞാന്‍ കരുതി എന്റെ കഥയോ കവിതയോ കണ്ടു ഇഷ്ട്ടപെട്ടവരായിരിക്കും എന്നാണു. പക്ഷെ പിന്നീടാണ് ആ സത്യം മനസ്സിലാക്കിയത്. അവരെല്ലാം പത്രപ്രവര്‍ത്തകര്‍ ആണ്.....പിന്നെ തികഞ്ഞ കമ്യൂണിസ്റ്റ് വാദികളും. കേന്ദ്ര സര്‍ക്കാരിനെയും കൊണ്ഗ്രസ്സിനെയും കൊച്ചാക്കി കാണിക്കലാണ് പ്രധാന കലാപരിപാടി. പത്രപ്രവര്‍ത്തകര്‍ നിഷ്പക്ഷരാണെന്നായിരുന്നു ഞാന്‍ വിചാരിച്ചെ, പക്ഷെ ഇത് മഹാ ബോറാണ്. ഒരു ഉപകാരം ചിലപ്പോള്‍ വാര്‍ത്തകള്‍ കിട്ടുന്നു എന്നുള്ളതാണ്.
                                                            അപ്പൊ ഇനി പിന്നെ കാണാം.....കുറച്ചു ജോലി ചെയ്യാനുണ്ട്. കെവിന്‍ അവിടെ ഒറ്റയ്ക്ക് കഷ്ടപെടുകയാണ്. എത്രയും പെട്ടെന്ന് അവിടെ എത്തിയാല്‍ നന്നായിരുന്നു. .................റ്റാ റ്റാ ...ബൈ ബൈ...

Monday, February 21, 2011

2011 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി തിങ്കളാഴ്ച...............:- Bentin

                                                                  ഇന്ന് നല്ല ദിവസമാണോ എന്ന് ചോദിച്ചാല്‍ ആണോ....മോളുനു ഇന്ന് നല്ല പനി, ഉച്ചയ്ക്ക് ഹോസ്റ്റലില്‍ ചെന്ന് മരുന്നൊക്കെ കഴിച്ചു കിടന്നുറങ്ങി.ഇപ്പൊ കുഴപ്പമൊന്നും ഇല്ല. നാളെ പരീക്ഷയാണ്.അത് കോളേജുകാരുടെ ഒരു തമാശ....പിന്നെ ഇന്ന് ഓഫീസ്സില്‍ കുറച്ചു പണി കൂടുതല്‍ ആയിരുന്നു.അതുകൊണ്ട് ഇന്നത്തെ ദിവസം പെട്ടെന്ന് പോയി.ഒന്നും എഴുതാന്‍ തോന്നുന്നില്ല ........അപ്പൊ പിന്നെ കാണാം ബൈ ബൈ...

Sunday, February 20, 2011

2011 ഫെബ്രുവരി ഇരുപതാം തിയതി ഞായറാഴ്ച .................:- Bentin

                                                    ഇന്നത്തെ ദിവസം വളരെ മന്ദഗതിയിലായിരുന്നു. കാലത്ത് പള്ളിയില്‍ പോയി.അവിടെ വളരെ വിഷമിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. ആകാശം മുട്ടെ വളര്‍ന്നു നിന്നിന്നു എല്ലാവര്ക്കും തണലേകിയിരുന്ന ഒരു ഇലവ് മരമുണ്ടായിരുന്നു. അതിനെ മുറിച്ചു കളഞ്ഞു.വല്ലാത്തൊരു വിഷമമായിരുന്നു അതെനിക്ക്.എല്ലാ ഞായറാഴ്ചയും ഏഴു മണിക്കാണ് ആരാധന. ഞാന്‍ ആറേകാലാകുമ്പോള്‍  പള്ളിയിലെത്തും കുറച്ചുനേരം ആ മരങ്ങള്‍കിടയിലൂടെ നടക്കും. അത് ഒരു നല്ല സുഖം നല്‍കിയിരുന്നു. ഇനിയും മരങ്ങള്‍ ബാക്കിയുണ്ട് അതും ഇനി മുറിച്ചുമാറ്റപെടുമോ എന്നറിയില്ല.
                                                    ഇനി എല്ലാ ഞായറാഴ്ചയും നടക്കുമ്പോള്‍ ആ മരത്തെ ഓര്‍മ്മവരും . വല്ലാത്ത വിഷമം.....പിന്നെ ഇന്ന് മോളുനോട് അധികം സംസ്സാരിച്ചില്ല.അതിന്റെ ഒരു ചെറിയ വിഷമം ഉണ്ടെനിക്ക്. പിന്നെ വൈകുന്നേരം പതിവ് പോലെ ആയിരുന്നു. പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നുമില്ല.അപ്പൊ പിന്നെ കാണാം ബൈ ബൈ..........

Thursday, February 17, 2011

2011 ഫെബ്രുവരി പതിനേഴാം തിയതി വ്യാഴാഴ്ച................:-Bentin

                                                                 ഇന്നത്തെ ദിവസം ഗുണദോഷ സമിശ്രം.കാലത്ത് അത്യാവശ്യം നല്ലരീതിയില്‍ തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത്.പക്ഷെ ഉച്ചയ്ക്ക് ശേഷം ഒരബദ്ധം പറ്റി. മാനേജരുമായി ഒന്ന് ചെറുതായിട്ട് ഉടക്കി. ആ കുഴപ്പമില്ല നാളെ ചെന്നൊന്നു സോപ്പിട്ടാല്‍ മതി.എന്നാലും ആ ഒറ്റ കാര്യം കൊണ്ട് മൊത്തം മൂഡും പോയി.....
                                                     മോളുനു അയച്ചു കൊടുത്ത സമ്മാനം ഇന്നവള്‍ക്ക് കിട്ടി.അവള്‍ക്കു സന്തോഷമായി. എനിക്കും. ഒരു ചെറിയ റ്റെടി ബെയര്‍ ആണ് സമ്മാനം.

അപ്പൊ പിന്നെ കാണാം ബൈ   ബൈ.....


Wednesday, February 16, 2011

2011 ഫെബ്രുവരി പതിനാറാം തിയതി ബുധനാഴ്ച്ച ....... :-Bentin

                                              ഇന്ന് വളരെ നല്ല ദിവസമായിരുന്നു. ജോലിയൊക്കെ ചെയ്തു, പിന്നെ ആകെ ഉള്ള ഒരു പ്രയാസം മോളുനോടു അധികം സംസ്സാരിക്കാന്‍ പറ്റിയില്ല എന്നതാണ്.അവളിന്ന് അവളുടെ കുഞ്ഞമ്മേടെ വീട് പാലുകാച്ചലിനു പാര്‍വതിപുരം പോയിരിക്കുവാണ്.അമ്മയുടെ കര്‍ശന നിര്‍ദേശമാണ് എന്നെ അവിടെ വച്ചു വിളിക്കരുത് എന്ന്. ഇന്ന് ഞാന്‍ മോളുനെ ഒത്തിരി മിസ്സ്‌ ചെയ്തു.ഇന്ന് ഉറങ്ങാതെ അവളോടു സംസ്സാരിക്കണം. ഒത്തിരി വിശേഷമുണ്ടെന്നാണ് പറഞ്ഞത്.എങ്ങനെ കാണാണ്ടിരിക്കും, ഒരു വലിയ കുടുംബ സമ്മേളനമല്ലേ നടന്നിരിക്കുന്നത്.എല്ലാവരെയും കണ്ടതും സംസ്സാരിച്ചതും, ഒക്കെ പറയാനുണ്ടാവും.ഇപ്പൊ വൈകിട്ടാണ് നടക്കാന്‍ പോകുന്നത്.കമ്പനിയുടെ പിന്‍വശത്തുള്ള ഒരു മൈതാനത്താണ് സായാഹ്ന നടത്തം. ആര് മണിമുതല്‍ ഏഴു മണിവരെ നടക്കും. കൂടെ മോളുവും ഉണ്ടാവും.ഞങ്ങള്‍ ആ ദിവസത്തെ വിശേഷങ്ങളും പറഞ്ഞങ്ങനെ കുറേ നേരം ചിലവിടും. പിന്നെ ഏഴുമണിക്കുള്ള കമ്പനി ബസ്സില്‍ ഞാന്‍ വീട്ടിലോട്ടു പോകും. ഇപ്പൊ കുറച്ചു ദിവസമായി ഇങ്ങനെയാണ്.
                                                               കല്യാണത്തിനു കുറി തിരെഞ്ഞെടുത്തു .ഇനി ഉള്ളടക്കം കൂടി എഴുതിയാല്‍ അച്ചടിക്കാന്‍ കൊടുക്കാം. ഏപ്രില്‍ തൊട്ട് വിളിച്ചു തുടങ്ങനമെന്നാണ് പപ്പ പറയുന്നത്. എല്ലാം പെട്ടെന്ന് വരുന്നു. പപ്പ എല്ലാം മുന്നേ കൂട്ടി ചെയ്യുന്നത് കൊണ്ട് കല്യാണ ദിവസമടുക്കുമ്പോള്‍ വെപ്രാളപെടേണ്ട കാര്യമില്ല.ഇനി എന്‍റെ സുഹൃത്തുക്കളെ കൂടി വിളിക്കണം.അതിനു ഞാന്‍ ഒരു കാര്‍ഡ് രൂപകല്‍പ്പന ചെയ്യും.പിന്നെ വേറേ വിശേഷങ്ങള്‍ ഒന്നും ഇല്ല ...പിന്നെ കാണാം....ബൈ ബൈ....

Thursday, February 10, 2011

2011 ഫെബ്രുവരി പത്താം തിയതി വ്യാഴാഴ്ച്ച.........................:- Bentin P

                                                  ഇന്ന് മനസ്സിന് വലിയ സന്തോഷം.മോളുന്റെ കൂടെ ഒത്തിരി നേരം ഇന്നലെ ഒത്തിരി നേരം സംസ്സാരിച്ചു. നല്ല സന്തോഷം തോന്നി.ഇന്നത്തെ ദിവസം ഒരു ശുഭ ദിനമായിരുന്നു. ജോലിയൊക്കെ ചെയ്യാന്‍ നല്ല ഉന്മേഷം തോന്നി.ഇന്ന് കാലത്ത് കുറച്ചു നേരമേ മോളൂനോട് സംസ്സാരിച്ചുള്ളൂ
വൈകിട്ട് തിരിച്ചു വീട്ടിലോട്ടു പോകുവാനത്രേ, നാളെ ആരും ക്ലാസ്സില്‍ പോകുന്നില്ല എന്നാണു തീരുമാനം. അല്ലാ അവിടെ ഇരുന്നിട്ടും വലിയ കാര്യമൊന്നുമില്ല. അവിടെ സാറന്മ്മാര്‍ അത്ത്യാവശ്യം ഉഴപ്പാണ്.രണ്ടു ദിവസം ക്ലാസ്സില്‍ ആരും വന്നിട്ട് തന്നെയില്ല. അവിടിരുന്നു ബോറടിക്കുന്നതിലും ഭേദം വീട്ടില്‍ ഇരിക്കുന്നതാണ്. ഇപ്പൊ ഞാന്‍ ജോഗ്ഗിങ്ങിനു പോകുന്നത് നിര്‍ത്തി.രാവിലെ പുതച്ചു മൂടി കിടക്കാന്‍ നല്ല രസം.
                                                           ഇന്നലെ വീട്ടില്‍ വിളിച്ചിരുന്നു. പപ്പ ആണ് ഫോണ്‍ എടുത്തത്. പപ്പ എല്‍ എം എസ്സില്‍  പോയിരുന്നു, പ്രീ മാരിറ്റല്‍ കോഴ്സിന്റെ ഫോം വാങ്ങിയിട്ട് വന്നു.ഇനി അത് പൂരിപ്പിച്ചു കൊടുക്കണം. മോളുനും പപ്പ ഫോം വാങ്ങി.രണ്ടു പേര്‍ക്കും ഒരുമിച്ചായാല്‍ നന്നായിരുന്നു. പിന്നെ രക്ഷിതാക്കള്‍ക്കും ക്ല്ലാസ് ഉണ്ട്....നല്ല തമാശയായിരിക്കും.എന്തായാലും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ഉള്‍പെടുത്തിയുള്ള ദിവസ്സങ്ങളിലായിരിക്കും ക്ലാസ്സുകള്‍ നടക്കുക. ഞാന്‍ നേരത്തെ ട്രെയിനില്‍ ടിക്കറ്റ്‌ ഒക്കെ ബുക്ക്‌ ചെതിട്ടുണ്ട്.അതുകൊണ്ട് യാത്ര സുഖകരമായിരിക്കും.
ഇനി ഒരു മാസം കഴിഞ്ഞാല്‍ വീട്ടില്‍ പോകാം.പിന്നെ മറ്റൊരു വിശേഷം . മിക്കവാറും ഫോണ്‍ താരിഫുകള്‍ മാറും, ആ 2 ജി സ്പെക്ട്രത്തിന്റെ വില കൂട്ടനമെന്നാണ് ട്രിട പറഞ്ഞിരിക്കുന്നത്. അത് കൂട്ടിയാല്‍ തീര്‍ന്നു...ഈ വിളിക്കലൊക്കെ നില്‍ക്കുമെന്നാ തോന്നുന്നത്. എന്‍റെ കഷ്ടകാലം. എന്തായാലും അടുത്തെങ്ങും ഉണ്ടാവരുതേ എന്നാണു എന്‍റെ പ്രാര്‍ഥന. ഒരു അഞ്ചു മാസം കഴിഞ്ഞിട്ടാണെങ്കില്‍ സന്തോഷം.
                                                 അങ്ങനെ ഒരു ദിവസം കൂടി കഴിഞ്ഞു പോകുന്നു. ഇന്ന് നല്ല സന്തോഷമായിരുന്നു.കര്‍ത്താവിനു സ്തുതിയും ബഹുമാനവും മഹത്വവും ഉണ്ടായിരിക്കട്ടെ......അപ്പൊ പിന്നെ കാണാം..ബൈ ബൈ....

Tuesday, February 8, 2011

2011 ഫെബ്രുവരി എട്ടാം തിയതി ചൊവ്വാഴ്ച്ച..................:- Bentin

                                                               ഇന്ന് വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെയാണ് കാര്യങ്ങള്‍ പോകുന്നത്...ആകെ ഒരു കാര്യം ഉണ്ടായത്, കാലത്ത് ഹെഡ് സെറ്റ് ചീത്തയാക്കിയതാണ്.....
                         സംഭവം ഇങ്ങനെ.കാലത്ത്, മോളൂന്‍റെ  കൂടെ സംസ്സാരിചിട്ട്, ഫോണ്‍ വെച്ചു, അപ്പൊ ഹെഡ് സെറ്റ് ഒരു കാതിലെ മാത്രമേ വര്‍ക്ക് ചെയ്യുന്നുള്ളുവായിരുന്നു. ആ വര്‍ക്ക് ചെയ്യുന്ന ഹെഡ് സെറ്റില്‍ വര്‍ക്ക് ചെയ്യാത്ത സൈഡ് കൂടി ചേര്‍ത്താല്‍ രണ്ടു ചെവിയിലും കേള്‍ക്കാമല്ലോ എന്ന് കരുതിയാണ്, നന്നായി കേട്ടോണ്ടിരുന്ന ആ സ്പീകര്‍ കട്ട് ചെയ്തു മറ്റേതു കൂടി കണക്ട് ചെയ്തു.....അതിശയമെന്നു പറയട്ടെ ഇപ്പൊ രണ്ടും വര്‍ക്ക് ചെയ്യുന്നില്ല. ഓക്കേ ശരി....അപ്പൊ പഴയതുപോലെ ആ ഒരു ഹെഡ് സെറ്റ് കണക്റ്റ് ചെയ്തു വെയ്ക്കാം എന്ന് തീരുമാനിച്ചു, അങ്ങനെ കണക്റ്റ് ചെയ്തു....എവിടെ ഉണ്ടായിരുന്നത് കൂടി പോയി എന്ന് പറഞ്ഞാ മതിയല്ലോ. ആ പോട്ടെ....ഇനി പുതിയ ഹെഡ് സെറ്റ് വാങ്ങണം. ഇനി പഴയത് വെച്ച് കുറച്ചു പണിയുണ്ട്. സോണി എറിക്സണ്ണിന്റെ ഹെഡ് സെറ്റ് നല്ലതാണ് അതിന്‍റെ ജാക്ക് മാറ്റി ഈ പാട്ട ഫോണിന്റെ ജാക്ക് കണക്റ്റ് ചെയ്യണം.അങ്ങനെ ദിവസത്തിന്റെ തുടക്കം വളരെ പരിതാപകരമായിരുന്നു.പിന്നെ പിന്നെ കാര്യങ്ങള്‍ ഭേദപെട്ടു തുടങ്ങി.....
                                               മോളുന് ഇന്ന് ഡ്രൈവിംഗ് ക്ലാസ് ഉണ്ടായിരുന്നു.പത്ത് മണി തൊട്ട് പന്ത്രണ്ടര വരെ ക്ലാസ് ഉണ്ടായിരുന്നു.അതുകൊണ്ട് കാലത്ത് കാര്യമായിട്ടൊന്നും സംസ്സാരിക്കാന്‍ പറ്റിയില്ല. ഇപ്പോഴാണ് വല്ലതും സംസ്സാരിക്കാന്‍ പറ്റിയത് തന്നെ. പക്ഷെ ഹെഡ് സെറ്റ് ഇല്ലാത്തത് കൊണ്ട് ഇച്ചിരി കഷ്ടപ്പാടാണ് .
എന്നാലും സാരമില്ല. അവളോട്‌ സംസ്സാരിച്ചില്ലെങ്കില്‍ അതിലും സങ്കടമാണ്.
                                                                 ശനി, ഞായര്‍ തിങ്കള്‍ ....ഈ മൂന്നു ദിവസം ഞാന്‍ ഇവിടെ വന്നില്ല. ഒരു മൂഡ്‌ ഇല്ലായിരുന്നു. എന്തായാലും ഇന്ന് ഇത്രയെങ്കിലും എഴുതാന്‍ പറ്റിയല്ലോ.അത് തന്നെ മഹാ സംഭവം.അപ്പൊ ഞാന്‍ പോയിട്ട് പിന്നെ വരാം ബൈ ബൈ.....

Thursday, February 3, 2011

2011 ഫെബ്രുവരി മൂന്നാം തിയതി വ്യാഴാഴ്ച്ച ................:- Bentin

                                                                       ഇന്ന് ഞാന്‍ എഴുതിയത് എന്‍റെ എന്ജിനീയറിംഗ് നോട്ട് ബുക്കില്‍ ആണ്....അത് ഞാന്‍ ഇവിടെ സ്കാന്‍ ചെയ്തു ഇടുന്നു......

Monday, January 31, 2011

2011 ജനുവരി മുപ്പത്തിയൊന്നാം തിയതി തിങ്കളാഴ്ച്ച...........:- Bentin

                                                                       ഇന്നത്തെ ദിവസം ചാടുപടെന്നു അങ്ങനെ പോയി. ഇന്ന് രാത്രി ഞാന്‍ ബംഗ്ലൂര്‍ക്ക് പോകുകയാണ്. അവിടെ നാളെ ഒരു സെമിനാറില്‍ പങ്കെടുക്കണം. രണ്ടു ദിവസം അവിടായിരിക്കും, അതായത് ബുധനാഴ്ച്ച വരെ. ഛെ....മോളൂന്‍റെ പരീക്ഷ ഇന്ന് കഴിഞ്ഞു...ഒന്ന് മനസ്സമാധാനമായിട്ട് സമ്സ്സാരിക്കാമെന്നു വെച്ചാ സമ്മതിക്കൂല....ഞാന്‍ ഈ ബാങ്ക്ലൂര്‍ പോകുന്ന കാര്യം പൂര്‍ണമായും മറന്നു പോയി.....അവളോടും പറയാന്‍ വിട്ടു....ഇപ്പൊ ആകെ കുഴഞ്ഞു....
                                                  രാത്രി പത്തരയ്ക്കാണ് ബാങ്ക്ലൂര്‍ക്കുള്ള ബസ്സ്‌, പത്തുമണിക്ക് വീട്ടില്‍ നിന്നിറങ്ങേണ്ടി വരും. പിന്നെ കാശിന്റെ കാര്യമാണ് തമാശ, എങ്ങനെയും കുറച്ചു കാശ് കല്യാനത്തുനു പിടിച്ചു വെയ്ക്കാംഎന്നു വിചാരിച്ചാല്‍ ഇതുപോലുള്ള കുറേ ചിലവുകള്‍ കയറി വരും....ഹും.....
                                                         ബി . എസ് . എന്‍ . എല്‍ .. ന്‍റെ ഒരു കാളിംഗ് കാര്‍ഡ് വാങ്ങി വെച്ചു, രണ്ടു ദിവസത്തേയ്ക്ക് ഇരുനൂറു രൂപയ്ക്ക് വിളിക്കാം....പിന്നെ ഒരു രാത്രിയെ അവിടെ തങ്ങുന്നുള്ളൂ, അതുകൊണ്ട് ഈ കാശ് മതിയാവും എന്ന് വിശ്വസിക്കുന്നു. പിന്നെ വേറെ ചിലവുകള്‍ ഒന്നും ഇല്ലല്ലോ....വേണമെങ്കില്‍ കുറച്ചു കാശ് ക്ലെയിമിലും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ആ ഇനി കാശ് ടി ആന്‍റ് ഈ യില്‍ നിന്നു വാങ്ങാന്‍ ഒരു പാടാണ്....ഇതില്‍ നിന്നു ഒഴിഞ്ഞിരുന്നെങ്കില്‍ എനൂ വെറുതെ ഞാന്‍ ആശിക്കുന്നു.....സമയം വൈകി പോയി.....
                                                          ആ പിന്നെ നല്ല വിഷയങ്ങളിലാണ് സെമിനാര്‍, ആ ഒരു സന്തോഷം മാത്രമാണുള്ളത്.അനാലിസ്സിസ് എനിക്ക് അധികം അറിയില്ല, ഇതില്‍ കുറേ കവര്‍ ചെയ്യുന്നുണ്ട്.....പിന്നെ പറ്റുമെങ്കില്‍ ബന്ലൂരില് ഉള്ള എന്‍റെ സുഹൃത്തുക്കളെ കാണണം. ചിലപ്പോ അത് സാദ്യമാകും....ആകുയുല്ലത് ജസ്റ്റിന്‍ ആണ്....അവനെ എങ്ങനെ കണ്ടു പിടിക്കും എന്നതാണ് ചോദ്യം....കാരണം അവന്‍ എന്‍റെ ഫോറം സുഹൃത്താണ്....ഒരുകണക്കിന് സുഹൃത്തുക്കളെ കാനാതിരിക്കുന്നതാണ് ഈ അവസ്ഥയില്‍ നന്ന്.....കയ്യില്‍ ദംബടി ഇല്ല.....വിവാഹാവശ്യത്ത്തിനു മാറ്റി വെച്ചിരിക്കുകയാണ്.....കാശുണ്ടായിട്ടും അനുഭവിക്കാന്‍ യോഗമില്ല.....
                                                                അങ്ങനെ ഒത്തിരി ദുഖങ്ങളും ചെറിയേ ചില സന്തോഷങ്ങളുമായി ഇന്നത്തെ ഡയറി ഇവിടെ നിര്‍ത്തുന്നു......ബൈ ബൈ....നാളെ കാണാം.....

Sunday, January 30, 2011

2011 ജനുവരി മുപ്പതാം തിയതി ഞായറാഴ്ച്ച ............ :- Bentin

                                                                          പതിവിനു വിപരീതമായി ഒരു ഞായറാഴ്ച്ച ഞാന്‍ ബ്ലോഗ്‌ എഴുതുകയാണ് .
മാന്മിഴിയാള്‍ പഠിക്കുകയാണ് കുറച്ചു നേരം കൂടെ ഇരിക്കാമെന്ന് വെച്ചു, പക്ഷെ ചുമ്മാതെ ഇരുന്നാല്‍  എനിക്കും ബോറടിക്കും. അതുകൊണ്ട് ബ്ലോഗാം എന്ന് വിചാരിച്ചു. വാരാന്ത്യം പതിവുപോലെ കടന്നു പോയി. വലിയ വിശേഷങ്ങള്‍ ഒന്നും ഇല്ല. മാന്മിഴിയാള്‍ക്ക് ശനിയാഴ്ചയും പരീക്ഷയുണ്ടായിരുന്നു. നാളത്തോടെ പരീക്ഷ എല്ലാം തീരും. അതോടെ അവള്‍ ഫ്രീ ആവും. എന്നിട്ട് വേണം എനിക്കൊന്നു മനസമാധാനമായിട്ട് സംസാരിക്കാന്‍.മോളുന്റെ ഇന്നത്തെ ദിവസം :കാലത്ത് മുതല്‍ പഠിത്തമായിരുന്നു പിന്നെ ചേട്ടനോട് സംസാരിച്ചു. നാളെ വീട്ടില്‍ പോകാല്ലോ.
                                                                            ഇനി എന്‍റെ കാര്യം, ഞാന്‍ പതിവുപോലെ തുണി അലക്കലും മറ്റും കഴിഞ്ഞു, പിന്നെ കാലത്ത് എന്തുകൊണ്ടോ കാപ്പി കുടിക്കാന്‍ പോയില്ല. കുറേ ഓറഞ്ചും ആപ്പിളും കഴിച്ചു, പിന്നെ മിച്ചറും. അതൊക്കെ കഴിച്ചപ്പോള്‍ വിശപ്പ്‌ തീര്‍ന്നു.അതുകൊണ്ട് പിന്നെ ഉണും കഴിച്ചില്ല.വൈകിട്ട് ബീച്ചില്‍ പോയി വന്നപ്പോള്‍ ഭക്ഷണം കഴിച്ചു.
                                                                      ഇന്ന് ഞായറാഴ്ച്ച, കാലത്ത് ആറരയ്ക്ക് തന്നെ പള്ളിയിലെത്തി. അവിടെ കുറച്ചു സ്ഥലത്തില്‍ ഒത്തിരി മരങ്ങള്‍ നട്ടിട്ടുണ്ട് അതിനിടയിലൂടെ നടക്കാന്‍ നല്ല രസമാണ്. പിന്നെ നല്ല കറുത്ത കട്ടുരുംബുകളും.
അതിങ്ങനെ പോകുന്നത് കാണാന്‍ നല്ല രസമാണ്. ഏഴു മണി വരെ ആരും പള്ളിയില്‍ വന്നില്ല. അച്ചന്‍ നേരത്തെ എത്തിയിരുന്നു. അതുകൊണ്ട് ഇന്ന് ആരാധനയുടെ സമയം മാറ്റിയോ എന്ന് സംശയം തോന്നി. പക്ഷേ ഏഴിനും ഏഴേ അഞ്ചിനും ഇടയ്ക്ക് ഒത്തിരി പേര്‍ പള്ളിയിലെത്തി. ആരാധന തുടങ്ങി. ഇന്നെന്തോ പെട്ടെന്ന് ആരാധന തീര്‍ന്നത് പോലെ തോന്നി. ഏതോ ഗ്രാമത്തില്‍ സൌജന്യ മെടിക്കല്‍ ക്യാമ്പ് ഉണ്ടത്രേ, കൂടാതെ ഇന്ന് യുവജനങ്ങള്‍ വേറൊരു ധ്യാനത്തിന് പോകുകയും ചെയ്തു. അത് കൊണ്ട് ഇന്നത്തെ ആരാധന ഒരല്‍പം തണുത്ത മട്ടില്‍ ആയിരുന്നു.പതിവ് ചായക്കടയില്‍ നിന്നു പ്രാതല്‍ കഴിച്ചു, ഒരു ദോശയും ഒരു വടയും, കൂടാതെ ഒരു സെറ്റ് പൊതിഞ്ഞു വാങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് കഴിക്കാനാണ്. ഉച്ചയ്ക്ക് വെളിയില്‍ പോകാന്‍ ഭയങ്കര മടി. വന്നിട്ട് മോളുന്റെ കൂടെ പഠിക്കാനിരുന്നു. ഉച്ചവരെ അവളുടെ കൂടെയിരുന്നു. പിന്നെ വാങ്ങി വെച്ച ഭക്ഷണം അകത്താക്കി. ഏകദേശം രണ്ടു മണി ആയപ്പോ ഒന്ന് മയങ്ങാന്‍ കിടന്നു. എണീറ്റപ്പോള്‍ മണി അഞ്ചു കഴിഞ്ഞിരിന്നു. പിന്നെ വേഗം കുളിച്ചു റെടി ആയി ബീച്ചില്‍ പോയി. അപ്പൊ മോളോട് സംസ്സാരിക്ക്വായിരുന്നു. പിന്നെ ഭക്ഷണം കഴിച്ചു . നേരെ വീട്ടില്‍ എത്തി. ഒന്‍പതരയ്ക്ക് അവളെ വീണ്ടും വിളിച്ചു. കുറച്ചു മുന്‍പാണ് ഫോണ്‍ വെച്ചത്....ഇനി സുഖ സുഷുപ്ത്തിയില്‍ മുങ്ങണം ...അപ്പൊ നാളെ കാണാം.....ബൈ ബൈ.......പിന്നെ ശുഭരാത്രി .........

Friday, January 28, 2011

2011 ജനുവരി ഇരുപത്തിയെട്ടാം തിയതി വെള്ളിയാഴ്ച്ച..............:-Bentin P

                                                                     ഇന്നത്തെ ദിവസം തുടക്കം നല്ലതായിരുന്നു.ഡപ്യുട്ടി കലക്ടര്‍ ഉദ്യോഗത്തിന് അപേക്ഷിച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വഴിയാണ് അപേക്ഷിച്ചത്. പരീക്ഷ രണ്ടു മാസം കഴിഞ്ഞിട്ടേ ഉണ്ടാവുള്ളൂ. പിന്നെ നേരത്തെ കൃഷി വകുപ്പില്‍ ഒരു അപേക്ഷ നല്‍കിയിരുന്നു. അവിടെ എഞ്ചിനീയര്‍ ആയിട്ടാണ്. ഇനിയിപ്പോ അമ്മാവന്‍ കാര്യമായി നോക്കിതുടങ്ങും. എനിക്ക് ഈ വക കാര്യങ്ങളില്‍ ഇഷ്ടമുന്ടെന്നു മനസ്സിലായി. ഇനിയിപ്പോ എങ്ങനാണാവോ ആവോ.....എന്തായാലും കേരളത്തില്‍ ഒരു ജോലി കിട്ടുക എന്നത് ഒരു മഹാ ഭാഗ്യമാണ്. വല്ല മുന്നാറിലും ജോലി കിട്ടിയാല്‍ സന്തോഷമായി......ഹെ ഹെ.....പിന്നെ വേറെ വിശേഷങ്ങള്‍ ഒന്നും ഇല്ല. ചേച്ചിയുടെ മറിയകുഞ്ഞിനു വയ്യ, ചുമയാണ്. ഗവണ്‍മെന്‍റ് ഹോസ്പ്പിറ്റലില്‍ പണിമുടക്കായത് കാരണം സ്വകാര്യ ആശുപത്രികളില്‍ നല്ല തിരക്കാണ്. എന്താ ചെയ്യുക. പാവം ചേച്ചി..ഓസേപ്പച്ചനാനെങ്കില്‍....നല്ല വാശിയിലും.അമ്മുമ്മയുടെ വീട്ടില്‍ പോണമെന്ന് പറഞ്ഞു കരയാറുണ്ടത്രെ. പാവം ചെക്കന്‍.പിന്നെ എന്‍റെ ജോലി കാര്യമെല്ലാം നന്നായിട്ട് പോകുന്നു.വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ഭ ഭാ യ്ക്ക് ഇനിയും രണ്ടു പരീക്ഷ ബാക്കിയുണ്ട്....മുപ്പത്തിയൊന്നു ആകുംബം എല്ലാ പരീക്ഷയും കഴിയും. അവള്‍ സ്വതന്ത്രയാകും. എന്നിട്ട് വേണം എനിക്കൊന്നു മനസമാധാനത്തോടെ സംസ്സാരിക്കാന്‍...അപ്പൊ ഇനി പിന്നെ കാണാം....ബൈ ബൈ......

Thursday, January 27, 2011

2011 ജനുവരി ഇരുപത്തിയേഴാം തിയതി വ്യാഴാഴ്ച്ച...............:- Bentin.

                                                               കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതിയാണ് അവസാനമായി ഞാന്‍ ഇവിടെ വന്നത്....ഇരുപത്തിയൊന്ന് എന്ന് പറയുമ്പോള്‍, കഴിഞ്ഞ വെള്ളിയാഴ്ച്ച, അപ്പൊ അതിനു ശേഷം എന്തൊക്കെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ ഒത്തിരിയുണ്ട്. നമുക്ക് ശനിയാഴ്ച തൊട്ട് തുടങ്ങാം.
                                                                      ശനിയാഴ്ച്ച പതിവ് തിരക്ക് തന്നെ, കാലത്തെ തുണിയെല്ലാം അലക്കി, പിന്നെ മുറിയൊക്കെ വൃത്തിയാക്കി അടുക്കി പെറുക്കി വെച്ചു. ഇടയ്ക്ക് എന്‍റെ മാന്മിഴിയാലെയും വിളിക്കാന്‍ മറന്നില്ല. കാപ്പിയും കുടിച്ചില്ല ഊണുമ് കഴിച്ചില്ല. നല്ല പനിയുണ്ടായിരുന്നു. ആകെ കഴിച്ചത്, വീട്ടില്‍ നിന്നു കൊണ്ടുവന്ന ഈത്തപഴം ആയിരുന്നു. അത് ഒരുപാടു കഴിച്ചു. പിന്നെ വിശപ്പേ ഉണ്ടായിരുന്നില്ല. പനി നല്ല കാര്യമായിട്ട് തന്നെ വന്നു. മൂക്കടപ്പും ജലദോഷവും, പിന്നെ നല്ല ചുമയും. കഭത്തിനൊക്കെ രക്ത്തത്ത്തിന്റെ ചുവ. അന്ന് ഒട്ടുമിക്ക സമയവും ഉറക്കമായിരുന്നു. വൈകിട്ട് എണീറ്റ്‌ കുളിച്ചു, പനിയായതുകാരണം മൂന്നു ദിവസം ഞാന്‍ കുളിക്കയുണ്ടായില്ല. പക്ഷേ അന്ന് കുളിച്ചു. കുളിച്ച്ചപ്പോ നല്ല ആശ്വാസം. പിന്നെ നേരെ ഒരു ചായയും കുടിച്ചു പുതുച്ചേരി കടല്‍ ക്കരയില്‍ പോയി. അവിടെ എത്തിയപ്പോ തന്നെ മണി ആര് കഴിഞ്ഞിരുന്നു. കുറച്ചു നേരം അവിടെ പാറകെട്ടില്‍ കടലും നോക്കിയിരുന്നു. അതൊരു സുഖമുള്ള കാര്യമാണ്. പിന്നെ അവിടിരുന്നു എന്‍റെ മാന്മിഴിയാലിനെ ഞാന്‍ ഫോണ്‍ ചെയ്തു. കുറച്ചു നേരം സംസ്സാരിച്ചു. പിന്നെ നേരെ മിസ്റ്റര്‍ ബീന്‍ ര്സ്റ്റാരന്റില്‍ പോയി. മീനും ചോറും കഴിച്ചു. വീട്ടില്‍ വന്നു ' അലക്സ്സാണ്ട്ര്‍ ഡി ഗ്രേറ്റ്‌ ' എന്ന മലയാള സിനിമ കണ്ടു. രാത്രി വീണ്ടും മോളുനെ വിളിച്ചു കുറച്ചുനേരം സംസ്സാരിച്ചു.പിന്നെ സുഖമായിട്ടു  കിടന്നുറങ്ങി.അങ്ങനെ ശനിയാഴ്ച കടന്നു പോയി.
                                                                         ഇനി ഞായറാഴ്ച്ചത്തെ കാര്യം. പതിവുപോലെ കാലത്ത് അഞ്ചരയ്ക്ക് എഴുന്നേറ്റു റെഡി ആയി പള്ളിയില്‍ പോയി. കുറച്ചു നേരം പ്രാദ്ധിക്കാന്‍ സമയം കിട്ടി. പിന്നെ പതിവുപോലെ ആരാധന നടന്നു. എട്ടു മണിക്ക് ആരാധന കഴിഞ്ഞു, നേരെ ശകടത്തില്‍ പുതുച്ചേരി ബസ്സ്‌ സ്റ്റാന്‍റ്റിനു  സമീപമുള്ള പതിവ് കടയില്‍ പോയി ദോശയും വടയും കഴിച്ചു. പിന്നെ ഒരു ദോശയും വടയും പൊതിഞ്ഞു മേടിച്ചു ഉച്ചയ്ക്ക് പുറത്തിറങ്ങാന്‍ എനിക്ക് മടിയാണ്. പിന്നെ നേരെ വീട്ടിലെത്തി. അവിടെ കുറച്ചു നേരം ഏതോ ഇങ്ക്ലീഷ് ഫിലിമും കണ്ടുകൊണ്ട് ഇരുന്നു. ഒരു പതിനൊന്നു മണിയായപ്പോ മാന്മിഴിയാള്‍ എന്നെ വിളിച്ചു. പരീക്ഷയ്ക്ക് പഠിക്കാന്‍ ഏകാഗ്രത കിട്ടുന്നില്ല എന്ന് പറഞ്ഞു. പിന്നെ ഞാന്‍ അവളുടെ കൂടെയിരുന്നു. അവള്‍ ആതാലയ്ക്കള്‍ പഠിച്ചു ...ഞാന്‍ അവള്‍ വായിക്കുന്നത് ശ്രദ്ധിച്ചിരുന്നു. അവള്‍ എന്നിക്ക് പഠിപ്പിച്ചു തരികയായിരുന്നു. അപ്പോള്‍ അവള്‍ക്കു എളുപ്പത്തി മനസ്സിലാവുമല്ലോ. ഒരുമണി ആയപ്പോഴേയ്ക്കും ഒരു യുണിറ്റിന്റെ പകുതി കഴിഞ്ഞു. പിന്നെ ഊണു കഴിക്കാന്‍ പോയി. ഞാന്‍ പൊതിഞ്ഞു മേടിച്ച ദോശയും വടയും കഴിച്ചു. പിന്നെ വീണ്ടും പഠിപ്പ് തുടര്‍ന്നു.
ഒരുമണിക്കൂര്‍ കൊണ്ട് ആ യുണിറ്റ് പഠിച്ചു തീര്‍ന്നു. പിന്നെ അടുത്ത യുണിറ്റ് പഠിക്കാന്‍ തുടങ്ങി...അപ്പൊ തന്നെ തല പുകഞ്ഞു തുടങ്ങിയിരുന്നു. അവളോടു ഞാന്‍ കുറച്ചു നേരം വിശ്രമിക്കാന്‍ പറഞ്ഞു. ഞാനും കുളിച്ചു ഫ്രഷ്‌ ആയിട്ട് ബീച്ചില്‍ പോയി....കുറേ നേരാന്‍ അവിടീയിരുന്നു. നല്ല തിരക്ക്.....കുറെ നേരം തേരാ പാരാ നടന്നു. പിന്നെ വീട്ടിലോട്ടു പോയി. മോളുനെ വീണ്ടും വിളിച്ചു. പിന്നെ സുഖമാടിട്ടു കിടന്നുറങ്ങി.
                                                               തിങ്കളാഴ്ച്ച വലിയ ബഹളങ്ങലോന്നുമില്ലാതെ കടന്നു പോയി.പ്രധാന കാര്യം മോളുന്റെ പരീക്ഷയായിരുന്നു. പരീക്ഷ കഴിഞ്ഞു അവള്‍ വിളിച്ചു. നന്നായിട്ട് എഴുതി എന്ന് പറഞ്ഞു....എന്തൊരാശ്വാസം.അന്ന് നമ്മള്‍ കുറെ നേരം സംസ്സാരിച്ചു. രാത്രിയാണ് കൂടുതല്‍ സംസ്സാരിച്ച്ചത്. എട്ടേ മുക്കാലിന് തുടങ്ങിയ സംസാരം (പഞ്ചാരയടി) രാത്രി രണ്ടു മണി വരെ നീണ്ടു. ഇനി രണ് ദിവസത്തേയ്ക്ക് പരീക്ഷയില്ല എന്നതാണ് ഈ അക്രമത്തിനു കാരണമായത്. അങ്ങനെ തിങ്കളാഴ്ചയും കടന്നു പോയി..........ചൊവ്വാഴ്ച്ച..അതൊരൊന്നൊന്നര ദിവസമാണ്.....
                                                               ചൊവ്വാഴ്ച .... കിക്ക് ഓഫ്‌ മീറ്റിംഗ് തുടങ്ങുന്ന ദിവസം. കിക്ക് ഓഫ്‌ മീറ്റിംഗ് എം ജി എം എന്ന റിസ്സോര്ട്ടിലാണ് നടക്കുന്നത്. പുതുച്ചേരിയില്‍ നിന്നു ഏകദേശം രണ്ടു മണിക്കൂര് യാത്ര ചെയ്യണം സ്ഥലത്തെത്താന്‍. കാലത്ത് ആര് മണിക്ക് ബസ്സ്‌ കമ്പനിയില്‍ നിന്നു പുറപ്പെടും. മുത്തിയാല്‍ പേട്ട് എന്ന സ്ഥലത്ത് നിന്നു വേണം എനിക്ക് ബസ്സ്‌ കയറുവാന്‍. അവിടെ ഒരു ആറേകാല്‍ ആകുമ്പോള്‍ ബസ്സ്‌ വരുമെന്ന് പ്രതീക്ഷിച്ചു. ഞാന്‍ നാലരയ്ക്ക് എണീറ്റു, എല്ലാകാര്യങ്ങളും ചെയ്തു. അഞ്ചേകാല്‍ ആയപ്പോള്‍ ഞാന്‍ റെടി ആയി, ഉടന്‍ തന്നെ ഇറങ്ങി. കാരണം മുത്തിയാല്‍ പേട്ട് അവിടെനിന്നു ഒന്നരകിലോമീറ്റര്‍ അകലെ ആണ്. അവിടെ എത്തണമെങ്കില്‍ ബസ്സ്‌ കയറണം. അങ്ങോട്ടേയ്ക്ക് ബസ്സ്‌ കിട്ടുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നേരത്തെ ഇറങ്ങിയത്. പിന്നെ ഒരു ഷോര്‍ട്ട് കട്ട് ഉണ്ടായിരുന്നതുകൊണ്ട് നടക്കുന്നതാണ് ബുദ്ധി എന്ന് തോന്നി. ആകെ പത്ത് മിനിട്ടേ എടുത്തുള്ളൂ സ്ഥലത്തെത്താന്‍. അവിടെ എത്തിയപ്പോള്‍ ഞാന്‍ ചായ കുടിച്ചു. കമ്പനിയില്‍ നിന്നും മറ്റൊരാള്‍ കൂടി അവിടുണ്ടായിരുന്നു. പക്ഷെ ഒന്നും സംസ്സാരിച്ചില്ല. പക്ഷേ മോളുനെ വിളിച്ചു. പാവം കാലത്ത് തന്നെ ഞാന്‍ ബുദ്ധിമുട്ടിച്ചു. പക്ഷേ വിളിക്കാതിരുന്നാലാണ് അവള്‍ക്കു വിഷമം. ഏകദേശം ആറേകാല്‍ വരെ സംസ്സാരിച്ചു. അപ്പോഴേക്കും ഒത്തിരി പേര്‍ എത്തിയിരുന്നു, കൂടാതെ ഞാലുറെ മാനേജരും എത്തി. പിന്നെ അവിടെ കുറെ നേരം സംസ്സാരിച്ചു  നിന്നു. ആറിരുപതിനു  വരുമെന്ന് പ്രതീക്ഷിച്ച ബസ്സ്‌ വന്നത് ആറേ അന്‍പതിനു. പിന്നെ ഞങ്ങള്‍ വല്ലവിധേനയും വണ്ടിയില്‍ കയറി. എനിക്ക് ഏറ്റവും ബാക്കിലാണ് സീറ്റ് കിട്ടിയത്. അവിടെ എന്‍റെ ടീമില്‍ ഉള്ളവര്‍ ആരും ഉണ്ടായിരുന്നില്ല. എല്ലാരും ബസ്സില്‍ മുന്‍വശത്ത് നേരത്തെ സ്ഥാനം പിടിച്ചിരുന്നു. പുറകുവശത്ത് നല്ല ബഹളമാണ്. ഞാന്‍ കുറച്ചു കഴിഞ്ഞു മുന്പിലോട്ടു പോയി. അവിടെ സീറ്റ് ഒന്നും ഇല്ല. പിന്നെ നിന്നു. സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് സമയം പോകും പിന്നെ ആകെ രണ്ടു മണിക്കൂറെ ഉള്ളു യാത്ര. കുറെ നേരം നല്ല രസമായിരുന്നു. ബസ്സില്‍ നല്ല പാട്ടൊന്നും ഇട്ടില്ല, കിളിയുടെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണില്‍ നിന്നും പാട്ട് ഇടാന്‍ ഒരു ശ്രമം നടത്തി പരാജയപെട്ടു. പിന്നെ ഒരു സിനിമയിട്ടു ബോസ്സ് എന്കിര ഭാസ്ക്കരന്‍. കുറച്ചുനേരം കഴിഞ്ഞപ്പോ തന്നെ സ്ഥലം എത്തി. ഞങ്ങള്‍ ബാഗ്‌ അല്ലാം ഒരു സ്ഥലത്ത് വെച്ചു പിന്നെ നേരെ പ്രാതല്‍ കഴിക്കാന്‍ പോയി. ബോഫെ ആയിരുന്നു. രണ്ടിടലിയും കുറച്ചു മുട്ട കിണ്ടിയതും കഴിച്ചു. പിന്നെ നേരെ കോണ്‍ഫറന്‍സ് ഹാളിലോട്ടു പോയി. കാര്യ പരിപാടികളുടെ ലിസ്റ്റ് കണ്ടപ്പോള്‍ ഞെട്ടി പോയി. വൈകിട്ട് ആര് മണിവരെ കോണ്‍ഫറന്‍സ് ഹാളില്‍ തന്നെ കുത്തിയിരിക്കണം. ഉച്ചവരെ മഹാ ബോര്‍ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ആര്‍ ആന്റ് ഡി തനിയെ മീറ്റിംഗ് വെച്ചു.വെറുതെ മര തണലില്‍ ‍ കൂടിയിരുന്നു പിന്നെ കുറേ സംസ്സാരിച്ചു. അത് കൊള്ളാമായിരുന്നു. ഒരു നാല് മണി ആയപ്പോ  ചായയും കഴിച്ചു ഞങ്ങള്‍ ബീച്ചില്‍ പോയി. അവിടെ വോളി ബോള്‍ കളിച്ചു. കുറേ കഴിഞ്ഞപ്പോള്‍ തളര്‍ന്നു ഒരു പരുവമായി. പിന്നെ തിരിച്ചു കോണ്‍ഫറന്‍സ് ഹാളില്‍ വന്നു. അവിടെ കാര്യങ്ങള്‍ തീര്‍ന്നിട്ടില്ല. രാത്രി ഡി ജെ ഉണ്ട്. വേറെ പരിപാടികള്‍ ഒന്നും ഇല്ല. രാത്രി ഒത്തിരി വൈകിയാണ് ഭക്ഷണം കിട്ടിയത്. കളിയുടെ ക്ഷീണം കാരനും നല്ല വിശപ്പായിരുന്നു. ശരിക്കിം ദേഷ്യമാണ് വന്നത്. ഡിന്നര്‍ കഴിഞ്ഞപ്പോള്‍ പത്തരയായി. റൂമില്‍ വന്നു. പിന്നെ മോളുനെ വിളിച്ചു. കുറച്ചു നേരം സംസ്സാരിച്ചു, പിന്നെ കിടന്നത് മാത്രമേ ഓര്‍മ്മയുള്ളൂ. നാളെ നേരത്തെ എണീറ്റു വീട്ടില്‍ പോകാമെന്ന് വിചാരിച്ചു. പിന്നെ വിചാരിച്ചു കോണ്‍ഫറന്‍സ് നു പോയി കുറച്ചുനേരം ഇരുന്നിട്ട് പോകാമെന്ന്. ചെന്ന് നോക്കിയപ്പോ ആര്‍ ആന്റ് ഡി ടീമില്‍ നിന്നു ആകെ മൂന്നു പേര്‍ മാത്രം. പിന്നെ ഞാന്‍ അവിടെത്തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. ഉച്ചവരെ പെട്ടെന്ന് സമയം പോയി. ഊണൊക്കെ കഴിഞ്ഞു മൂന്നു മണി ആയപ്പോ തിരിച്ചു പുറപെട്ടു. ഒരു അഞ്ചു മണിആയപ്പോ വീട്ടില്‍ എത്തി. ഉറങ്ങണം എന്ന് വിചാരിച്ചാണ് എത്തിയത്.പക്ഷേ ഉറക്കം വന്നില്ല. നേരെ കുളിച്ചു റെഡി ആയി ബീച്ചില്‍ പോയി...റിപ്പബ്ലിക്ക് ദിനമല്ലേ....ഭയങ്കര തിരക്ക്. പിന്നെ ഒത്തിരി കലാപരിപാടികളും. ഫ്രീഡം ജാം എന്നൊരു പരിപാടി നടക്കുന്നുണ്ട്. അവിടെ പുല്ലാങ്കുഴല്‍ ഒരാള്‍ നന്നായിട്ട് വായിച്ചു. പിന്നെ ഒരുകൂട്ടര്‍ സിത്താര്‍ വായിച്ചു. കുറച്ചു നേരം അങ്ങനെ സംഗീതം ആസ്വദിച്ചു. പിന്നെ നേരെ ഭക്ഷണവും കഴിച്ചു വീട്ടിലെത്തി.
     ഒത്തിരി വിശേഷങ്ങള്‍ പറഞ്ഞു...ഇനി പിന്നെ കാണാം....ബൈ ബൈ.....
ദീപാലംകൃതമായ് പുതുച്ചേരി സെക്രട്ടറിയേറ്റ്

Friday, January 21, 2011

2011 ജനുവരി ഇരുപത്തിയൊന്നാം തിയതി വെള്ളിയാഴ്ച്ച...............:- Bentin

                                                                    ഇന്ന് വളരെ തണുത്ത മട്ടിലാണ് ദിവസം ആരംഭിച്ചത്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങളൊക്കെ മാറി. കാലത്ത് മനോരമ പത്രം വായിച്ചു തുടങ്ങി......കുറെ നേരം വായിച്ചു. കലോത്സവത്തിന്റെ വാര്‍ത്തകളാണ് കൂടുതലും വായിച്ചത്. പിന്നെ പുല്‍മേട് ദുരന്തത്തെ കുറിച്ചു ഒക്കെ.കുറച്ചു നേരം അസ്ട്രോളജി നോക്കി....പിന്നെ കുറച്ചു നേരം കാറുകളെ കുറിച്ചും വായിച്ചു. ഏറ്റവും ഇഷ്ടപെട്ടത് ടാറ്റാ ഒരു ട്രക്ക് ഇറക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ്...കാരണം മറ്റൊന്നുമല്ല....പുതുചെരിക്ക് വരാന്‍ ഇപ്പൊ സൗകര്യം ബസ്സുകളാണ്. ബസ്സുകള്‍ക്ക് ഏക തടസ്സം വലിഞ്ഞു വലിഞ്ഞു ഓടുന്ന ട്രക്കുകള്‍ ആണ്. അവകൂടി അത്യാവശ്യം സ്പീഡില്‍ പോകാന്‍ തുടങ്ങിയാല്‍ രക്ഷപെട്ടു....റോഡ്‌ മാര്‍ഗമാവും ഏറ്റവും ലാഭകരമായ മാര്‍ഗ്ഗം...
                                               എന്‍റെ മാന്മിഴിയാള്‍ക്ക് ഇന്നലത്തെ പരീക്ഷ അത്യാവശ്യം നന്നായിരുന്നു. അതിന്‍റെ സന്തോഷം കാണാനും ഉണ്ട്. ഇന്നലെ കുറേ നേരം സംസ്സാരിച്ചു. ഇനി മൂന്നു ദിവസം കഴിഞ്ഞേ ഉള്ളു പരീക്ഷ. പക്ഷേ രണ്ടു പരീക്ഷയ്ക്ക് സമയം കുറവാണ്... വരുന്നതിന്റെ അടുത്ത ശനിയും തിങ്കളുമാണ് ആ പരീക്ഷകള്‍. അതുകൊണ്ട് ഇപ്പൊ കിട്ടുന്ന ഈ അവധികളില്‍ ആ വിഷയങ്ങള്‍ കൂടി പഠിക്കുക എന്നതാണ് ലക്‌ഷ്യം.
                                                              ഓഫീസ്സില്‍ കാര്യങ്ങള്‍ രസ്സമാണ്.....൨൫ നും  26 നും കിക്ക് ഓഫ് മീറ്റിംഗ് ആണ്.....ഇരുപത്തിയാറാം തിയതി പൊതു അവധി ആയതിനാല്‍ ആര്‍ക്കും വരാന്‍ താത്പര്യമില്ല....എനിക്കും ഇല്ല എന്ന് ഞാന്‍ തുറന്നടിച്ചു പറഞ്ഞു.അത് ആകെ പ്രശ്നമായി....ഇവിടെയുള്ള എലാവരും ഇരുപത്തിയാറാം തിയതി വരാന്‍ ബുദ്ടിമുട്ടുന്ടെന്നു എഴുതികൊടുത്തു. പിന്നെ ഇന്നലെ മാനേജര്‍ എന്നെ വിളിച്ചു സംസ്സാരിച്ചു അതുകൊണ്ട് ഞാനൊരല്‍പ്പം അയഞ്ഞു കൊടുത്തു. മീറ്റിങ്ങിനു വരാമെന്ന് സമ്മതിച്ചു....ഇനി വരുന്നെടത്ത് വെച്ചു കാണാം....അപ്പൊ ബൈ ബൈ....ഹെ ഹെ....

Wednesday, January 19, 2011

2011 ജനുവരി പതിനൊന്നാം തിയതി ബുധനാഴ്ച്ച ..........:- Bentin

                                                                    ഇന്നത്തെ ദിവസത്തിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല.ഇന്നലെ വളരെ തിരക്കുള്ള ഒരു ദിവസമായിരുന്നു. ഇന്നലെ വെളുപ്പിന് അഞ്ച് മണിക്കാണ് ഞാന്‍ പുതുച്ചേരിയില്‍ എത്തിയത്. കുറച്ചു നേരം കിടന്നുറങ്ങി, എട്ടുമണിക്ക് എണീറ്റ് റെഡി ആയി ഒഫീസ്സിലേക്ക്. അവിടെന്നു മൂന്നു മണിക്ക് ഞാന്‍ വീണ്ടും ചെന്നൈയിലേയ്ക്ക് തിരിച്ചു....പെരുംകളത്തൂര് ഇറങ്ങി ഇ എം യു ട്രെയിനില്‍ പോകാനാണ് പദ്ധധി. ഞാന്‍ ഏഴു പത്തായപ്പോ പെരുംകളത്തൂര് എത്തി. അവിടെന്നു അടുത്ത ട്രെയിന്‍ ഏഴു അന്പതിനെ ഉള്ളു.പിന്നെ കുറച്ചു നേരം കാത്തു നിന്നു. പല്ലാവാരത്ത് എത്തുമ്പോ 8:10 pm ആയി...അവിടെ റിസപ്ഷന്‍ തുടങ്ങിയിട്ടേ ഉള്ളു. ഗാനമേള നടക്കുന്നത് കാരണം ആരോടും സംസ്സാരിക്കാന്‍ വയ്യാത്ത അവസ്ഥ. പിന്നെ തട്ടേല്‍ കയറി ചെക്കനേയും പെണ്ണിനേയും കണ്ടു, മംഗളങ്ങള്‍ ആശംസിച്ചു ഭക്ഷണം കഴിക്കാനിരുന്നു. കുറേ മധുരം കിട്ടി ഐസ് ക്രീമും കിട്ടി. ചടങ്ങോക്കെ ഭംഗിയായി നടന്നു.എല്ലാം കഴിഞ്ഞപ്പോള്‍ 9:40 pm കഴിഞ്ഞിരുന്നു. പിന്നെ. എത്രയും പെട്ടെന്ന് വീട്ടിലെത്തിയാമതി എന്നായി. ഭാഗ്യം കൊണ്ട് മണ്ടപത്തിനു മുന്‍പില്‍ നിന്നാല്‍ തന്നെ ബസ്സ്‌ കിട്ടുമായിരുന്നു, പക്ഷേ ഒരു ഭാഗ്യകേടു കാത്ത്തിരിപ്പുണ്ടായത് അറിഞ്ഞില്ല. പുതുച്ചേരിക്ക് കിട്ടിയ വണ്ടി ഒരല്‍പം ചുറ്റി പോകുന്നതായിരുന്നു. ഇടയ്ക്ക് നല്ല ഉറക്കത്ത്തിലായത് കാരണം ഞാന്‍ അത് ശ്രദ്ധിച്ചില്ല. പക്ഷേ ഒടുക്കത്തെ ഗട്ടര്‍ ...... ഹോ ഞാന്‍ സീറ്റില്‍ നിന്നും പൊങ്ങി ചാടികൊണ്ടിരുന്നു.
എന്നാലും നീണ്ട സീറ്റില്‍ നിവര്‍ന്നു കിടന്നു സുഖമായുറങ്ങി. പുതുച്ചേരിയില്‍ 1:20 നു എത്തി, ഉടന്‍ തന്നെ ഒരു ആട്ടോ പിടിച്ചു റൂമിലെത്തി ....അങ്ങനെ ഒരു വലിയ യാത്ര കഴിഞ്ഞു....ഇനി ഈ ഖീനമോക്കെ മാറണമെങ്കില്‍ ഒരാഴ്ച്ച പിടിക്കും....അപ്പൊ ഇനി പിന്നെ കാണാം....ബൈ ബൈ....

Tuesday, January 18, 2011

2011 ജനുവരി പതിനെട്ടാം തിയതി തിങ്കളാഴ്ച്ച ..............:- Bentin

                                                                 ഒരു ഒന്നൊന്നര യാത്ര കഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നു തിരുനെല്‍വേലി അവിടെന്നു മധുരൈ അവിടെന്നു നേരെ ട്രിച്ചി .....അവിടെന്നു വിഴുപുറം.....വിഴുപുറത്തുനിന്നും നേരെ പുതുച്ചേരി. സമയ വിവര പട്ടിക ചുവടെ ചേര്‍ക്കുന്നു.
17/01/11 - 1:15pm     തിരുവനന്തപുരത്തുനിന്നും യാത്ര ആരംഭിച്ചു.
17/01/11 - 5:15pm     തിരുനെല്‍വേലിയില്‍ എത്തി ഉടനെ മധുരൈക്ക് ബസ്സ്‌ കയറി
17/01/11 - 9:15pm    മധുരൈയില്‍ നിന്നും ടിച്ചിയ്ക്ക് ബസ്സ്‌ കയറി
18/01/11 - 12:45am   ട്രിച്ചിയില്‍ നിന്നും സ്വകാര്യ ബസ്സില്‍ വിഴുപുറത്തേയ്ക്ക്.
18/01/11 - 3:45am    വിഴുപുറത്ത് ബൈപ്പാസ്സില്‍ ഇറങ്ങി .
18/01/11 - 4:10am    വിഴുപുറം ബസ്സ്‌ സ്റ്റാന്റില്‍ നിന്നും പുതുച്ചേരിയിലേക്ക് .
18/01/11 - 5:05am    പുതുച്ചേരിയില്‍ എത്തിച്ചേര്‍ന്നു
18/01/11 - 5:15am    റൂമില്‍ എത്തിച്ചേര്‍ന്നു.
മൊത്തം പതിനാലു മണിക്കൂറത്തെ യാത്ര. ഞാന്‍ ട്രെയിനില്‍  ആണ് പോകുന്നതെങ്കില്‍ എടുക്കുന്ന സമയം ഏകദേശം പതിനാലു മണിക്കൂര്‍. ഇതില്‍ വീട്ടില്‍ നിന്നു ഇറങ്ങുന്ന സമയവും മറ്റും ചേര്‍ക്കുകയാണെങ്കില്‍.
ഏഴുമണിക്ക് ഓഫീസ്സില്‍ നിന്നിറങ്ങും.
രാത്രി പത്തുമണിക്ക് ആണ് ട്രെയിന്‍.
എത്തിച്ചേരുന്നത് അടുത്ത ദിവസം കാലത്ത് പതിനൊന്നു പത്തിന്.വീട്ടില്‍ എത്തുമ്പോള്‍ പതിനൊന്നര.അങ്ങനെയാണെങ്കില്‍ മൊത്തം യാത്രാ സമയം പതിനാലര മണിക്കൂറാണ്.
ഇനി സ്വകാര്യ ബസ്സിലാണെങ്കില്‍ വൈകിട്ട് നാലരയ്ക്ക് ഓഫീസ്സില്‍ നിന്നു തിരിക്കണം. കാലത്ത് ഒന്‍പതര - പത്തുമണിക്ക് എത്തിച്ചേരും.അതായത് പതിനഞ്ചു മുതല്‍ പതിനാറു മണിക്കൂര്‍ വരെ.
പക്ഷേ ബസ്സിനു ഒരു മെച്ചം ഉണ്ട്.പുതുച്ചേരിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്, വേറെ ഒരിടത്തും ഇറങ്ങി കേറണ്ട. ട്രെയിനിനേക്കാളും മുന്നേ എത്തുന്നത് ബസ്സ്‌ തന്നെ. 
പക്ഷേ അത്ത്യാവശ്യമുണ്ടെങ്കില്‍ ഈ ഇറങ്ങി കേറിയുള്ള വരവാണ് മെച്ചം....പക്ഷേ ഭയങ്കര ക്ഷീണമായിരിക്കും.
ഒരൊറ്റ കാര്യം സരിയായാല്‍ മതി ഈ ഇറങ്ങി കേറിയുള്ള യാത്ര ശുഭാമാകാന്‍. മധുരൈയില്‍ നിന്നു വിഴുപുറം വരെ ഒരു ബസ്സില്‍ വന്നാല്‍.
ഇന്ന് ബസ്സ്‌ യാത്രയെകുറിച്ചാണ് ഞാന്‍  ഒത്തിരി പറഞ്ഞത്...അതിലും പ്രധാനപെട്ട ഒരുകാര്യമുണ്ട് .എന്‍റെ മോളൂനു ഇന്ന് കണക്കു പരീക്ഷയാണ്. കര്‍ത്താവേ നീ അവളുടെ കൂടെ തന്നെ ഇരിക്കണേ പഠിച്ചതെല്ലാം ഓര്‍മയില്‍ വരുത്തണേ...എല്ലാം നല്ലവണ്ണം ചെയ്യാന്‍ പറ്റുന്ന ചോദ്യങ്ങള്‍ വരണേ....എനൂ പ്രാധിച്ച്ചു കൊണ്ട് നിര്‍ത്തുന്നു.....പിന്നെ കാണാം...ബൈ...ബൈ....

Saturday, January 15, 2011

2011 ജനുവരി പതിനഞ്ചാം തിയതി ശനിയാഴ്ച്ച..........:- Bentin

                                                   ഇന്ന് ഭയങ്കര രസമായിരുന്നു. കാലത്ത്  ട്രെയിനില്‍ ഇരുന്നു ടിക്കറ്റ്‌ ബുക്കിംഗ് ചെയ്യാമെന്ന് വിചാരിച്ചു , നടന്നില്ല ...... കാര്യം വളരെ നിസ്സാരം ഞാന്‍ റിലയന്‍സ്  സെറ്റിംഗ്  1 എക്സ് സ്പീടിലാണ് കൊടുത്തത്, അത് വീട്ടിലെത്തിയതിനു ശേഷമാണ് ഞാന്‍ മനസ്സില്ലാക്കിയത്....ഇനി തിരിച്ചു പോകണമെങ്കില്‍ ഊര് ചുറ്റി പോകണം .....നല്ല രസമായിരിക്കും....ഹെ ഹെ.....ഇന്ന്  എന്‍റെ മാന്മിഴിയാള്‍ വീട്ടിലെത്തി . ചുമ്മാ വിളിച്ചു സംസ്സാരിക്കണം......ടെ കറണ്ട് പോയി.....കേരളത്തിലെത്തിയാല്‍ ഇതാണ് ഒരു മെച്ചം....അതും ഒരു തമാശ....പോട്ടെ ..ഇനി പിന്നെ സംസ്സാരിക്കാം....ബൈ ബൈ....

Thursday, January 13, 2011

2011 ജനുവരി പതിമൂന്നാം തിയതി വ്യാഴാഴ്ച്ച....................:- Bentin

                                                            ഇന്നത്തെ ദിവസം വളരെ തണുത്ത മട്ടിലാണ് പോകുന്നത്. എന്താന്നു കാര്യമെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇന്ന് പ്ലാസ്റ്റിക്ക് പാര്‍ട്ടുകളുടെ ഡി ആര്‍ ചെയ്തു തീര്‍ക്കണം, എന്നിട്ട മെറ്റല്‍ പാര്‍ട്ടുകളുടെ ഡി ആര്‍ ചെയ്തു തുടങ്ങണം. എന്‍റെ സീനിയര്‍ ഇന്ന് മുതല്‍ പ്രസന്റ്റ്ര്‍ മോട്യുളിലാകും വര്‍ക്ക് ചെയ്യുക. അവിടെ ഇപ്പൊ റോയി എന്നൊരാള്‍ ഇപ്പൊ പിക്ക് മോട്യുളില്‍ ജോലി ചെയ്യുന്നുണ്ട്. എനിക്കും അത്യാവശ്യം പണികള്‍ കിട്ടിതുടങ്ങി.ഇനി ഞാന്‍ പിക്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കണം, അതാണ്‌ എന്‍റെ ആഗ്രഹവും. എങ്ങനെ അത് സാധിച്ച്ചെടുക്കാം എന്നാണു ഇപ്പോഴത്തെ എന്‍റെ ചിന്ത....ആ കര്‍ത്താവ് എല്ലാം കണ്ടുകൊണ്ടിരിക്കുവാനല്ലോ. പിന്നെ ഞാന്‍ ചെയ്യേണ്ടതൊക്കെ ചെയ്തു തീര്‍ക്കണം.അത്രയേ ഉള്ളു.....പിന്നെ വേറെ വിശേഷങ്ങള്‍ ഒന്നും ഇല്ല...അപ്പൊ പിന്നെ കാണാം...ബൈ ബൈ....

                                        എന്‍റെ ഇത്രയും കാലത്തെ ഡയറി എഴുത്തിനിടയില്‍ ഞാന്‍ ഒരിക്കല്‍ പോലും രണ്ടാമത് ഒരു പോസ്റ്റില്‍ എഴുതിയിട്ടില്ല. ഇപ്പൊ ഞാന്‍ അത് ചെയ്യുകയാണ്...കാരണമെന്താണെന്ന് അറിയണ്ടേ.....ഇന്ന് ഒരു വൃത്തികെട്ട ദിവസമായിരുന്നു. ഞാന്‍ സബ്മിറ്റ് ചെയ്ത ഐ ഡി ആര്‍ റിജെക്റ്റ് ആയി.....ഇത്രയും വ്യക്ത്തമായിട്ടു പറഞ്ഞു കൊടുത്തിട്ടും ആ വിവരം കേട്ടവന്‍ പറയുകയാ....ഇത് വയബിള്‍ ആല്ലാ എന്ന്. എനിക്ക് പണി കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ....ഈ മെകാനിസം ഞാന്‍ പ്രാക്ടിക്കലായി പ്രൂവ് ചെയ്തിട്ടുണ്ട്....ഇനി അതിന്റെയെല്ലാം വീഡിയോ എടുത്ത് അയക്കണം.....അതിനി നാളെ ചെയ്യാം...എന്തായാലും ഞാനിതങ്ങനെ വിടുന്ന പ്രശ്നമേയില്ല....ഒരു നല്ല ഐഡിയാ കൊടുത്താല്‍ വേണ്ടാ എന്ന്....ഇങ്ങനെയുമുണ്ടോ മനുഷ്യര്‍....ഹും.....ഞാനിന്നു ഇത്തിരി ദേഷ്യവും സങ്കടവും ഒക്കെ ചേര്‍ത്തിയിട്ടാണ് ഇത് എഴുതുന്നത്....ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനൊരു തിരിച്ചടി ഉണ്ടാവുമെന്ന്. എന്തായാലും അടുത്തപ്രാവശ്യം കുറച്ചു കൂടി കരുതലോടെ നീങ്ങണം. അല്ലെങ്കില്‍ വീണ്ടും പ്രശ്നമാവും....കാരണം ഒരിക്കല്‍ രിജക്ടിയതുകൊണ്ട്  ഇതൊന്നു സമ്മതിച്ചു തരാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാന്‍ പോകുന്നില്ല. ആ...ഇവിടെ ഇത്രയും എഴുതിയപ്പോഴാണ് മനസ്സ് ഒന്ന് തണുത്തത്.....പിന്നെ എന്‍റെ ടീമിനും ഉണ്ടായി ഇച്ചിരി വിഷമങ്ങള്‍. ആദ്യത്തെ പ്രോട്ടോ നന്നായി വര്‍ക്ക് ചെയ്യുന്നില്ല...സംഭവം യൂ കേ യില്‍ ആണ് ടെസ്റ്റ്‌ ചെയ്യുന്നത്....അവിടെയുള്ള എഞ്ചിനിയര്‍മാര്‍ എന്‍റെ ടീം അംഗങ്ങളെ കളിയാക്കുന്നു.അതിനു ഒരു പരിഹാരം കണ്ടു പിടിക്കണം. എല്ലാം ദൈവത്തിന്‍റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു.......അപ്പൊ ഇനി നാളയെ വരികയുള്ളു...ബൈ ബൈ....

Wednesday, January 12, 2011

2011 ജനുവരി പന്ത്രണ്ടാം തിയതി ബുധനാഴ്ച്ച ................ :- Bentin

                                                                      പൊങ്കലിന് വീട്ടില്‍ പോകണം.ഇവിടെ കമ്പനിയില്‍ ആകെ ഒരു ദിവസമേ അവധിയുള്ളൂ. അത് പതിനേഴാം തിയതിയാണ്. ഞാന്‍ പതിനാലാം തിയതി പോയാല്‍ പിന്നെ പതിനേഴാം തിയതി തിരിച്ചു വരണം. താത്ക്കാലില്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു, പതിവ് കലാപരിപാടികള്‍ തന്നെ. സെര്‍വര്‍ അണ്‍ അവയിലബിള്‍ എന്ന് വന്നുകൊണ്ടിരിക്കും. പിന്നെ ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയ ഒരു മനോഹരമായ ടിപ് കൊണ്ട് കാര്യങ്ങള്‍ ഭംഗിയായി കഴിഞ്ഞു. പതിനാലാം തിയതിക്കുള്ള ടിക്കറ്റ് കിട്ടി. ഇനി തിരിച്ചു വരാനുള്ള ടിക്കറ്റ്‌ പതിനഞ്ചാം തിയതി ട്രെയിനില്‍ ഇരുന്നു വേണം ബുക്ക്‌ ചെയ്യാന്‍ .കഴിഞ്ഞ പ്രാവശ്യം അത് ഭംഗിയായി നടന്നു, ഇപ്പ്രാവശ്യം എങ്ങനാകുമോ എന്തോ.വരാനുള്ള ടിക്കറ്റ്‌ കൂടി കിട്ടിയാല്‍ ആശ്വാസമായി...വീട്ടില്‍ ധൈര്യമായിട്ടിരിക്കാമല്ലോ. പിന്നെ പതിനാറാം തിയതി എന്‍റെ മാന്‍മിഴിയാളിനെ പറ്റുമെങ്കില്‍ കാണണം.അവള്‍ക്കു ഒരു ബാങ്ക് പരീക്ഷയുണ്ട് . അതുകഴിഞ്ഞ് ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതുന്നു.നടക്കുമോ എന്നറിയില്ല. പിന്നെ വീട്ടില്‍ വലിയ വിശേഷങ്ങള്‍ ഒന്നും ഇല്ല.കല്യാണത്തിന്റെ പരിപാടികള്‍ തകൃതിയായി നടക്കുന്നുണ്ട്.
                                                                          ഇവിടെ പുതുച്ചേരിയില്‍ നല്ല രസമാണ്. കമ്പനിയില്‍ പൊങ്കലിന് അവധിയില്ലാത്ത കാര്യം നേരത്തെ പറഞ്ഞല്ലോ. എന്‍റെ കഷ്ടകാലത്തിന് പൊങ്കല്‍ അവധികള്‍ കൃത്ത്യമായി ശനിയാഴ്ച്ചയും ഞായറാഴ്ചയും ആയി.....പിന്നെ നാലാം പൊങ്കലിന് തിരുവള്ളുവര്‍ ദിനം എന്ന് കൂടി ഉള്ളതിനാലാണ് അവധി കിട്ടിയത്. പിന്നെന്താ യാത്ര സുഖമായാല്‍ വേറെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ല.പൊങ്കല്‍ കഴിഞ്ഞുള്ള ആഴ്ച്ചയും എനിക്ക് തിരക്കുള്ളതാണ്. പതിമൂന്നാം തിയതി കഴിഞ്ഞാല്‍ പിന്നെ ഇരുപതാം തിയതിക്കായിരിക്കും പിന്നെ ഞാന്‍ മനസ്സമാധാനത്തോടെ കിടന്നുറങ്ങുക. ആ അതും ഒരു സുഖമുള്ള കാര്യമാണ്. സുഹൃത്തിന്റെ കല്യാണത്തിനു പോകാണ്ടിരിക്കാന്‍ പറ്റില്ലല്ലോ.അപ്പൊ ഊണു കഴിക്കാന്‍ സമയമായി...പിന്നെ കാണാം ബൈ ബൈ....

Tuesday, January 11, 2011

2011 ജനുവരി പതിനൊന്നാം തിയതി ചൊവ്വാഴ്ച്ച ..........:- Bentin

                                                         ഇന്നൊരു നല്ല ദിവസമാകനമേ എന്നാണു പ്രാര്‍ഥന. പിന്നെ ഇന്ന് കുറച്ചു പനിയെ ഉള്ളു ഓഫീസ്സില്‍. അത് ചെയ്തുകഴിഞ്ഞു വെറുതെ ഇരിക്കാം, ബോറടിക്കും എന്നതാണ് പ്രധാന പ്രശ്നം.പിന്നെ മോളുന്റെ പരീക്ഷ അടുത്ത ചൊവ്വാഴ്ച്ച തുടങ്ങും. പടിക്കിന്നുണ്ട്, എല്ലാം പഠിക്കാനുള്ള ബുദ്ധിയും ശക്തിയും മനസ്സും കൊടുക്കണേ കര്‍ത്താവേ...എനിക്കതാണ് പ്രാര്‍ഥന.പിന്നെ വേറേ വിശേഷങ്ങള്‍ ഒന്നും ഇല്ല. തല്‍ക്കാലം നിരത്തുന്നു....ബൈ ബൈ....

Monday, January 10, 2011

2011 ജനുവരി പത്താം തിയതി തിങ്കളാഴ്ച്ച......:- Bentin

                                                                 ഇന്ന്, വളരെ നല്ല ദിവസമായിരുന്നു.....പിന്നെ വാരാന്ത്യ നാളുകള്‍ കഴിഞ്ഞു ഇപ്പോഴാണ് ഒന്ന് ബ്ലോഗില്‍ കയറാന്‍ പറ്റിയത്. വിശേഷങ്ങള്‍ ഒത്തിരിയുണ്ട്, എല്ലാം കൂടി എഴുതാന്‍ ഇപ്പൊ പറ്റില്ല.ഒത്തിരി കാര്യങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനുണ്ട്. എന്തായാലും ഞാന്‍ ഉറച്ച ഒരു തീരുമാനം ഇന്ന് എടുക്കും.
തീരുമാനം ഇവിടെ ഇപ്പൊ പറയാന്‍ പറ്റില്ല കേട്ടോ....ഞാന്‍ ഇത് നടന്നു കഴിഞ്ഞിട്ട് പറയാം.പിന്നെന്താ ഇന്ന് ഓഫീസില്‍ അത്ത്യാവശ്യം തിരക്കുണ്ടായിരുന്നു...പൊങ്കലിന് പതിനേഴാം തിയതി മാത്രമേ അവധിയുള്ളൂ . ഇനി ഒരു ഓട്ടപ്രദക്ഷിണം ആണ് വാരാന്ത്യത്തില്‍.എന്‍റെ സുഹൃത്തിന്റെ കല്യാണം ആണ് പത്തൊന്‍പതാം തിയതി ആണ് .ഞാന്‍ പുതുച്ചേരിയില്‍  പതിനെട്ടാം തിയതിയേ എത്തുകയുള്ളൂ. അന്ന് വൈകിട്ട് തന്നെ ചെന്നൈക്ക് പോകണം...വൈകിട്ട് റിസപ്ഷന് പോകണം, പറ്റുമെങ്കില്‍ കാലത്ത് കല്യാണത്തിനും കൂടിയിട്ടു ഉച്ചയോടെ ഓഫീസ്സില്‍ എത്തണം.പിന്നെ കുറച്ചു രാത്രിവരെ ജോലിചെയ്താല്‍ മതിയല്ലോ. അങ്ങനെ ലീവ് എടുക്കാണ്ട് കഴിച്ചുകൂട്ടാം എന്ന് വിചാരിക്കുന്നു.പിന്നെ വേറെ വിശേഷങ്ങള്‍ ഒന്നും ഇല്ല.....നിരത്തുന്നു പിന്നെ കാണാം.....ബൈ ബൈ...

Friday, January 7, 2011

2011 ജനുവരി ഏഴാം തിയതി വെള്ളിയാഴ്ച്ച ............... :- Bentin

                                                                           ഇന്ന് ഓഫീസ്സില്‍ ജോലിചെയ്യാന്‍ നല്ല ഉന്മേഷം ഉണ്ടായിരുന്നു. എന്താണെന്നറിയില്ല.പക്ഷെ ഇന്നൊരു നല്ല ദിവസം ആയിരുന്നു. ഇപ്പൊ ഞാന്‍ ഭീകര  ഡയറ്റിങ്ങില്‍ ആണ്....ഉച്ചയ്ക്ക് കഴിച്ചത് ഒരു മോരീസ്സു പഴവും പിന്നെ ഒരു ഒരഞ്ചുമാണ്. രാത്രി ഒരു ഓറഞ്ചും ഒരു ആപ്പിളും ഒരു പഴവും കഴിക്കാനാണ് പ്ലാന്‍. ഇക്കണക്കിനു പോകുകാനെങ്കില്‍ ഒരു മാസം കൊണ്ട് തടി പകുതിയാകാന്‍ സാദ്യതയുണ്ട്.ഇപ്പൊ തന്നെ പാന്‍റ് ഒന്ന് ലൂസ് ആയിട്ടുണ്ട്....ഇനി അരയിലുള്ള ടയര് മാറി ട്യുബ് ആകണം.....അപ്പൊ പിന്നെ പോഷക ആഹാരം കഴിച്ചു തുടങ്ങാം....സത്യം പറഞ്ഞാല്‍...ഞാന്‍ മെലിഞ്ഞിരുന്നാല്‍ കാണാന്‍ ഒരു ഭംഗിയുമുണ്ടാവില്ല. കവിലുനങ്ങിയാല്‍ ഉന്തിയ പല്ലുകള്‍ പെട്ടെന്ന് കാണാം....ആ കുഴപ്പമില്ല.കല്യാണ സമയമാകുംബഴേക്കും ഞാന്‍ ഏതു പരുവത്തിലായിരിക്കുമെന്നു കര്‍ത്താവിനു മാത്രമേ അറിയൂ....ഇന്ന് ഇനി വൈകിട്ടേ ഞാന്‍ മോളുഉനെ വിളിക്കൂ...അവള്‍ക്കു പഠിക്കാന്‍ ഒത്തിരിയുണ്ട്. ഞാന്‍ കുറച്ചൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്. പിന്നെ ഉഴപ്പാതെ പഠിക്കുമെന്നൊരു വിശ്വാസം ഉണ്ട്....വിശ്വാസം അല്ലേ എല്ലാം.....അപ്പൊ ഇനി പിന്നെ കാണാം ബൈ ബൈ.....

Tuesday, January 4, 2011

2011 ജനുവരി നാലാം തിയതി ചൊവ്വാഴ്ച്ച......... :- Bentin

                                                                     ഇന്ന് ഒരു നല്ല ദിവസം, കാലത്ത് വലിയ പണിയൊന്നും ഇല്ലായിരുന്നു.ഉച്ചയ്ക്ക് ശേഷം മാന്മിഴിയാല്‍ വിളിച്ചു, ഞങ്ങള്‍ ഒരുമിച്ചിരുന്നു പഠിക്കുകയാണ്. മോളുന് പതിനെട്ടാം തിയതി പരീക്ഷ തുടങ്ങും. എനിക്ക് പൊങ്കല്‍ ലീവിന് വീട്ടില്‍ പോകാന്‍ പറ്റുമോ എന്നാണു ഞാന്‍ നോക്കുന്നത്. പോയാല്‍ എന്‍റെ മാന്മിഴിയാളെ ഒന്ന് കാണാം. ഇവിടെ ഏതൊക്കെ ദിവസമാണ് അവധി എന്നാണു അറിയാത്തത്. പഅതിനെഴാം തിയതി കൂടി ലീവ് കിട്ടിയിരുനെങ്കില്‍ നന്നായിരുന്നു.നാലുദിവസം വീട്ടില്‍ നില്‍ക്കാമായിരുന്നു. ഇന്നലെ ഒത്തിരി വൈകി കിടന്നപ്പോ.ഇപ്പൊ ഇവിടെ മഴയാണ്, ഉച്ചയ്ക്ക് നല്ല മഴയായിരുന്നു.ഇപ്പോഴും മൂടികെട്ടി അങ്ങനെ കിടപ്പുണ്ട്.ഞാന്‍ സൈക്കിളിലാണ് ഇന്ന് ഓഫീസ്സില്‍ വന്നത്.അതുകൊണ്ട് മഴയും നനഞ്ഞു വീട്ടില്‍ പോകേണ്ടി വരുമോ എന്നാണു എന്‍റെ പേടി.പിന്നെ മോളൂന്‍റെ കൂടെയിരുന്നു പഠിപ്പിക്കുകയാണ് ഞാന്‍. ആരുണ്ട് ഇപ്പൊ അവളെ സഹായിക്കാന്‍...ഞാന്‍ മാത്രമല്ലേയുള്ളൂ  (ഹെ ഹെ). പിന്നെ ഇന്നും ഇന്നലെയും വലിയ ജോലിത്തിരക്കില്ലായിരുന്നു. അതുകൊണ്ട് കൊള്ളാം. നാളെ പറ്റില്ല, എന്‍റെ സീനിയര്‍ ഓഫീസ്സില്‍ വരും.അതോടെ പണികള്‍ വന്നുകൊണ്ടേയിരിക്കും.അങ്ങനെ ഒരു നല്ല ദിവസം കൂടി കടന്നു പോകുന്നു. ഇനി നാളെ കാണാം....ബൈ ബൈ.....

Monday, January 3, 2011

2011 ജനുവരി മൂന്നാം തിയതി തിങ്കളാഴ്ച്ച ...... :- Bentin

                                                     നീണ്ട പതിനഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഞാന്‍ ബ്ലോഗ്‌ എഴുതുന്നു.ഈ ഡിസംബര്‍ അവധിക്കാലം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്.കഴിഞ്ഞ ഡിസംബര്‍ അതായത് 2009 ഡിസംബര്‍ എനിക്ക് വളരെ മോശമായിരുന്നു.പക്ഷേ ഈ ഡിസംബര്‍ മധുരമേറിയതായിരുന്നു. പ്രധാന കാരണം എന്‍റെ മോതിരകല്യാണം തന്നെയാണ് . ഈ കഴിഞ്ഞ ഇരുപത്തിയേഴാം തിയതി എന്‍റെ മോതിര കല്യാണം നടന്നു.