Tuesday, December 6, 2016

2016 ഡിസംബർ മാസം ആറാം തിയതി ചൊവ്വാഴ്ച്ച - മോശം കാലം.

                                  നല്ല കാലം മോശം കാലം എന്നൊന്നില്ല എന്നാണു ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ, ഓരോന്നു വന്നു ഭവിക്കുമ്പോൾ മാറ്റി പറയേണ്ടി വരുമെന്ന് തോന്നുന്നു. നവംബർ പകുതി തൊട്ടു വളരെ മോശം ആണ് കാര്യങ്ങൾ. ഭാര്യയുമായി വഴക്കിടുന്നത് വളരെ കൂടുതലാണ്. പിന്നെ വീട് മാറിയതിന് കുറെ നഷ്ടങ്ങളും പ്രയാസങ്ങളും വന്നു പെട്ടു.
                                                                           പുതിയ വീട്ടിൽ വന്നപ്പോൾ പാക്കേഴ്സ് ആന്റ് മൂവേഴ്‌സ് നല്ല കുറെ ക്രോക്കറി പൊട്ടിച്ചു. പിന്നെ നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ കാരണം കാശില്ലാതെ കഷ്ട്ടപെട്ടു. രണ്ടര മണിക്കൂർ വരിയിൽ നിന്നാൽ രണ്ടായിരം രൂപ എടുക്കാം. അത് ചില്ലറ ആക്കാൻ അതിലും കഷ്‌ടമാണ്. പിന്നെ പാക്കേർസ്  ആൻഡ് മൂവേഴ്‌സിന്റെ ചതി. ചെക്ക് എടുക്കും എന്ന് പറഞ്ഞിട്ട് അവസാനം പുത്തൻ കാശ് കൊടുത്താലേ ശരിയാകുവെന്നു. ചെക്ക് ആണെങ്കിൽ 30 ശതമാനം കൂടുതൽ കൊടുക്കണം പോലും. പഴയ നോട്ടുകൾ ആണെങ്കിൽ 10 ശതമാനം വേണം എന്ന് പറഞ്ഞു. പുതിയ നോട്ടുകളേക്കാൾ എളുപ്പം പഴയനോട്ടുകൾ തന്നെ. മോൾടെ ഡേ കെയർ നടത്തുന്ന പെങ്ങളുടെ കയ്യിൽ നിന്ന് കടം വാങ്ങി അത് ഒപ്പിച്ചു.

                                                         ഞങ്ങൾ താമസം ആക്കിയതിന്റെ കൂടെ വേറെ രണ്ടുപേര് കൂടി ആ വീട്ടിൽ താമസം തുടങ്ങി, രണ്ടു മൂഷികന്മാര്. മഹാ ശല്യങ്ങൾ. രാത്രി മാത്രം പുറത്തിറങ്ങിയിരുങ്കിൽ സമാദാനം ആയിരുന്നു. ഇത് പട്ടാപകൽ നമ്മൾ ഇരിക്കുമ്പോ തന്നെ തലങ്ങും വിലങ്ങും ഊടും. ഒരുത്തനെ തഞ്ചത്തിൽ കിട്ടിയപ്പോൾ അടിച്ചോതുക്കി. മത്തവനെ പിടിക്കാൻ പശ കെണി വയ്‌ക്കേണ്ടി വന്നു.

                                                          എം ടെക് പഠിക്കുന്ന കോളേജിൽ നിന്നും വിളി വന്നു. ഏഴാം തിയതിക്ക് മുൻപ് റെക്കോർഡ് ബുക്ക് വയ്ക്കണം എന്ന്. ഞാൻ ഏഴാം തിയതിക്കാണ് നാട്ടിലോട്ട് പോകുന്നത് തന്നെ. അപ്പോഴാണ് ജയലളിത കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് 9 ആം തിയതി ആണ് പരീക്ഷ. 6 , 7 , 8  ജയലളിത മരിച്ചത് കാരണം അവധിയാണ്. റെക്കോർഡ് ബുക്ക് കിട്ടണമെങ്കിൽ അത് 9 ആം തിയതി രാവിലെ പോയി വാങ്ങണം , എഴുതണം  HOD ടെ ഒപ്പു വാങ്ങണം. എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല.

                                                             ഓഫീസിൽ എന്നെ തരം താഴ്ത്തുന്ന രീതിയിലുള്ള നടപടിയുണ്ടായി. എത്രയൊക്കെ കഷ്ട്ടപെട്ടാലും ഒരു കാര്യവും ഇല്ലെന്നു മനസ്സിലായി. ഒരിടത്തും ആത്മാർത്ഥത കാണിക്കാതിരിക്കുന്നതാണ് നല്ലതു.
                                                                       സ്‌ഥലം വാങ്ങുന്നതിനെക്കുറിച്ചു പറയാതിരിക്കുകയാണ് നല്ലതു. ലോൺ എല്ലാം ശരിയായി. പക്ഷെ ഈ കാലക്കേട്‌ എങ്ങനെ അതിനെ ബാധിക്കുമെന്ന് കണ്ടറിയണം.
                                                                 
                      എല്ലാം ശരിയാവും എന്ന് മനസ്സാ പറഞ്ഞുകൊണ്ട് നിർത്തുന്നു.

Saturday, August 30, 2014

2014 ആഗസ്റ്റ് മുപ്പതാം തിയതി ശനിയാഴ്ച - മരണത്തെ ഞാൻ സ്നേഹിക്കുന്നു Bentin

മരിച്ചുപോയിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു.

ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണ് .

ദൈവത്തിൽ വിശ്വാസം അർപ്പിച്ച്  ഇത്രനാൾ ജീവിച്ചു.

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തോട്ടു ഫ്ലൈറ്റിൽ വരുമ്പോഴും പോകുമ്പോഴും വെറുതെ ഞാൻ ആശിക്കും കത്തിയമർന്ന്  പോയിരുന്നെങ്കിൽ എന്ന്.

പക്ഷേ കൂടെ യാത്രചെയ്യുന്നവർ എന്ത് പിഴച്ചു .

മരണം ഇപ്പോൾ എനിക്ക് ലാഭമായി തോന്നുന്നു.

ഈ നരക ജീവിതത്തിൽ നിന്നും ഒരു രക്ഷപെടൽ.

ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ ഞാൻ ഒത്തിരി ദുഖിക്കുന്നു.

അവക്കിപ്പോഴും അവളുടെ അച്ഛനും അമ്മയും ആണ് വലുത്.

അവളുടെ സകല സങ്കടത്തിലും കൂടെ നിന്ന ഞാൻ ഒന്നുമല്ല.

എന്റെ വാക്കിനു ഒരു വിലയും ഇല്ല. അവളുടെ ഇഷ്ട്ടം നടന്നില്ലെങ്കിൽ എന്നാ വേദനിപ്പിക്കാൻ വേണ്ടി എന്റെ പപ്പയെയും അമ്മയെയും ഒരു കാരണവും ഇല്ലാതെ കുറ്റം പറയും.

ആ കുറ്റം പറച്ചിൽ സഹിക്കാതാവുമ്പോൾ അവളുടെ ആവശ്യങ്ങൾ ഞാൻ സമ്മതിച്ചു പോകുന്നു.

ഇനിയും ഇങ്ങനെ ജീവിക്കാൻ വയ്യ. 

മരണമേ ഞാൻ നിന്നെ സ്നേഹിക്കുന്നു.

Monday, April 29, 2013

2013 ഏപ്രിൽ മാസം ഇരുപത്തിയൊൻപതാം തിയതി തിങ്കളാഴ്ച - Bentin P Gnana Nesan

ഏകദേശം ഒരു വർഷത്തിനു  ശേഷം  ഞാൻ  വീണ്ടും എഴുതുകയാണ് .
സന്തോഷവും ദുഖങ്ങളും കലർന്ന വർഷങ്ങൾ ......

എന്റെ കല്യാണം കഴിഞ്ഞ കാര്യമൊക്കെ അറിയാമല്ലോ ...

കല്യാണത്തിനു ശേഷം കുറച്ചു കാലം സന്തോഷമായിരുന്നു.... ബിച്ചുവിന്റെ  മരണം വരെ..
 ബിച്ചു എന്റെ അളിയനാണ് . എന്റെ ഭാര്യയുടെ ഒരേഒരു സഹോദരൻ.
പി എസ്  സി ടെസ്റ്റ്‌ എഴുതാൻ എഴുതാൻ തൃശൂർ പോയതാണ്.

കാര്യം എനിക്കറിയാവുന്ന രീതിയിൽ ഇവിടെ എഴുതുകയാണ് ...

2011 ആഗസ്റ്റ്‌ പതിനാലാം തിയതി ഒരു ഞായറാഴ്ച്ച ആയിരുന്നു.
ഞാനും ഭാര്യയും പോണ്ടിച്ചേരിയിൽ ആയിരുന്നു.
ഞായർ  കാലത്ത് ഏഴ് മണിക്കാണ് പള്ളിയിൽ ആരാധന. പള്ളിയിൽ കുറുബാന നടകുമ്പോഴാണ് അഡ്വകേറ്റ് അങ്കിളിന്റെ ഫോണ്‍ വന്നത്. ബിച്ചു പോയി എന്നായിരുന്നു വാർത്ത. ഞങ്ങളോട്‌ എത്രയും പെട്ടെന്ന് നാട്ടിലെത്താൻ പറഞ്ഞു. അവളോടു അപകടം ഉണ്ടായെന്നും അനിയൻ ഹോസ്പിറ്റലിൽ ആണെന്നും പറഞ്ഞ് അവിടെനിന്നും കാറിൽ യാത്ര പുറപെട്ടു. വാടകയ്ക്ക് വണ്ടി കിട്ടാഞ്ഞ് സ്വന്തം കാറിൽ ആണു യാത്ര തിരിച്ചത് .ഞാൻ തന്നെ ആണു ഡ്രൈവ് ചെയ്തത്. ഏഴര മണികൂറെടുത്തു നാട്ടിലെത്താൻ (തിരുവനന്തപുരത്ത് ).

എട്ടരയോടെ അടക്കാൻ കൊണ്ടുപോയി. അന്നുമുതൽ സന്തോഷം ഞാൻ അറിഞ്ഞിട്ടില്ല.
ആകുയുള്ള മകൻ മരിച്ചതുകൊണ്ട് ഞാനും ഭാര്യയും അവിടെ നില്ക്കണം എന്ന നാട്ടു നടപ്പ് വാദങ്ങൾ കേട്ടാണ് ഞാൻ ദിവസവും ഉറക്കം ഉണർന്നിരുന്നത്. എനിക്കത് സ്വീകാര്യമല്ലായിരുന്നു. എനിക്ക് എന്റേതായ ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.

വൈഫിന്റെ അച്ചനും അമ്മയും വളരെ ഡിപെൻഡഡ്  ആണ്‍, അവർക്ക് ആരെങ്കിലും ഇല്ലാതെ ജീവിക്കാൻ വയ്യ. പതിനഞ്ചു ദിവസങ്ങൾക്കു ശേഷം ഞാൻ വൈഫിനേയും അച്ഛനേയും അമ്മയേയും കൂട്ടി പോണ്ടിച്ചേരിയിൽ തിരിച്ചു വന്നു. ഒരാഴ്ച അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു. പിന്നെ അവർ നാട്ടിലേക്കു പോയി. കൂടെ വൈഫും. വൈഫിനെ രണ്ടു മാസം നാട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു. പക്ഷേ മകൻ ഇല്ലാത്ത വീട്ടിൽ അമ്മയ്ക്ക്‌ പോകാൻ കഴിഞ്ഞില്ല.
അതുകൊണ്ട് അമ്മയുടെ അനിയത്തിയുടെ (മിനിയാന്റിയുടെ ) വീട്ടിൽ പോയി. അവിടെ സ്ഥല പരിമിതിയുള്ളത് കൊണ്ട് ഞാൻ വൈഫിനെ തിരിച്ചു പോണ്ടിച്ചേരിയിലേക്ക് വരാൻ പറഞ്ഞു.
വൈഫിനു അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ നോക്കണം.പക്ഷേ ഞാൻ ഇല്ലാണ്ട് ഒന്നും ചെയ്യില്ല.എനിക്ക് ഉള്ള ജോലി കളഞ്ഞു നാട്ടിൽ പോകാനും പറ്റില്ല. കാരണം, എനിക്ക് കുറച്ചു കടങ്ങൾ ഉണ്ട്, കൂടാതെ വീട്ടിലും. അച്ഛനെയും അമ്മയേയും നോക്കാൻ അവരുടെ അടുത്ത ബന്ധുക്കൾ ഒരുക്കമാണ്, പക്ഷേ അവർക്കത് സമ്മതമല്ല.
                                                             സ്ത്രീധനം ഞങ്ങൾ ഒന്നും ചോദിച്ചിലെങ്കിലും അത്യാവശ്യം പൊന്നും ഒരു കാറും തന്നാണ് അവളെ എനിക്ക് തന്നത്. അതുകൊണ്ട് ഞാൻ അവരെ നോക്കണം എന്നത് ഒരു വാശിപോലെ അവർ നിർബന്ദിച്ചുകൊണ്ടിരുന്നു. ഞാനും എന്റെ കുടുംബത്തിൽ ഏക മകനാണ് . ചേച്ചിയുള്ളത്, കല്യാണം കഴിഞ്ഞു എറണാകുളത്താണ് .എന്റെ പപ്പയെയും അമ്മയേയും നോക്കാൻ ഞാൻ മാത്രമേയുള്ളൂ.
                                                                അച്ഛനെയും അമ്മയേയും നോക്കില്ല എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷേ എനിക്ക് പപ്പയോടും അമ്മയോടും കൂടെ താമസിക്കാനാനിഷ്ടം. കാരണം ഒത്തിരിയാണ്‌.
ബിച്ചു മരിക്കാനുണ്ടായ കാരണം.
ബിച്ചു തൃശൂർ പി എസ്സ് സി പരീക്ഷയ്ക്ക് പോയത് ബൈക്കിലാണ് .തിരുവനന്തപുരം മുതൽ തൃശൂര് വരെ ബൈക്കിൽ ഒരുദിവസത്തിൽ പോയി വന്നാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കു.
അവൻ ബൈക്കിലല്ല പോയത് എന്നാ വാദം അവരുടെ ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്, പക്ഷേ അവൻ ബൈക്കിൽ പോയതിനു തെളിവായി അവൻ തന്നെ മൊബൈലിൽ എടുത്ത ഫോട്ടോസ് ഉണ്ട്. അത് അച്ഛനെയും അമ്മയേയും ഇതുവരെ കാണിച്ചിട്ടില്ല. അവന്റെ അടുത്ത സുഹൃത്തുകൾക്ക് ഇതറിയാം.

ബിച്ചു തന്നിഷ്ട്ടകാരനായിട്ടു വളര്ന്നതിനു കാരണം അച്ചൻ തന്നെയാണ്. അവനെ അച്ഛൻ സ്നേഹിച്ചിട്ടേയില്ല, അങ്ങനെ യുള്ള ഒരാളുടെ കൂടെ എന്റെ മക്കൾ വളരുന്നത് എനികിഷ്ട്ടമല്ല.
അതുകൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും കൂടെ ഞാൻ നിൽക്കില്ല.
ഇന്നത്തേയ്ക്ക് ഇത്രയും വെച്ച് നിരത്തുന്നു...ബാക്കി നാളെ

Monday, October 31, 2011

2011 ഒക്ടോബര്‍ മാസം മുപ്പത്തിയൊന്നാം തിയതി തിങ്കളാഴ്ച ...:- Bentin

 അങ്ങനെ 2011 ദീപാവലിയും കഴിഞ്ഞു പോയി.
വീണ്ടും ഓഫീസില്‍ എത്തി. ഇപ്പ്രാവശ്യവും ഓഫീസില്‍ നിന്ന് കുറച്ചു പടക്കങ്ങള്‍ കിട്ടി. അത് പോട്ടിചായിരുന്നു ഇത്തവണത്തെ ആഘോഷം.
എന്തുകൊണ്ടെന്നറിയില്ല, ആകെ ഒരു നനഞ്ഞ മട്ടായിരുന്നു ഇത്തവണത്തെ ദീപാവലിക്ക്. ചിലപ്പോള്‍ തകര്‍ത്തു പെയ്ത മഴ കാരണം തോന്നിയതാവാം. മറ്റൊരു കാരണം മാസാവസാനം ആയതു കൊണ്ട് കീശ കാലിയായിരുന്നു എന്നതാണ്, അപ്പോള്‍ ദീപാവലിയുടെ ചൂടും കുറയുമല്ലോ.

പിന്നെ ഈ ദീപാവലിക്ക് അത്ഭുതങ്ങള്‍ പലതും നടന്നു. പടക്കം വാങ്ങാന്‍ കാശില്ലാണ്ടിരുന്നപ്പോ, കമ്പനി കുറെ പടക്കവും, പാമ്പും, പൂത്തിരിയും, കമ്പിത്തിരിയും ഗിഫ്റ്റ് ആയി തന്നു. മധുരം വാങ്ങാന്‍ കാശിലാണ്ടിരുന്നപ്പോ അയല്‍വാസി പ്രൊഫസ്സര്‍ ഒരു പായ്ക്കറ്റ് മധുരം നല്‍കി ദീപാവലി സന്തോഷം പങ്കുവെച്ചു. അതിലും വലിയ അത്ഭുതം എന്താണെന്നുവെച്ചാല്‍ കൃത്യം ഇരുപത്തിയഞ്ചാം തിയതി രാത്രി തന്നെ ശമ്പളം അകൌണ്ടില്‍ വന്നു എന്നതാണ്.ദൈവത്തിന്റെ നടത്തിപ്പ് ഭയങ്കരം തന്നെ.

മോളു വീട്ടിലോട്ടു പോയിരിക്കയാണ്‌. ഇന്ന് വൈകിട്ട് അവിടെന്നു വണ്ടി കയറും, നാളെ വീണ്ടും പുതുച്ചേരിയില്‍. അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെ.
വേറേ വിശേഷങ്ങള്‍ ഒന്നും ഇല്ല, തല്‍ക്കാലം നിരത്തുന്നു.

ബൈ ബൈ ...പിന്നെ കാണാം......

Monday, October 24, 2011

2011 ഒക്ടോബര്‍ മാസം ഇരുപത്തി നാലാം തിയതി തിങ്കളാഴ്ച..:-Bentin

കഴിഞ്ഞ ജുണ്‍ മാസം ആണ് അവസാനമായി ഞാന്‍ ഇവിടെ എഴുതിയത്......ഒത്തിരി ദിവസങ്ങള്‍ കഴിഞ്ഞു പോയി.....വലിയ വലിയ സംഭവങ്ങളും...
                                                                              ഞാന്‍ ആകെ മാറിപോയി എന്ന് തോന്നുന്നു.....കാലത്ത് അഞ്ചു മണിക്കൊക്കെ എഴുന്നെട്ടിരുന്ന ഞാന്‍ ഇപ്പൊ വൈകിയാണ് എണീക്കുന്നത്.....പിന്നെ വേറെ ചില പ്രശ്നങ്ങളും......
                                                                     നാട്ടിലോട്ടു പോയാലോ എന്നാണു ആലോചന...പിന്നെ എല്ല്ലാം ദൈവത്തിന്റെ കയ്യില്‍ ഏല്‍പ്പിക്കുന്നു.....നാളെയും മറ്റന്നാളും ദീപാവലിയുടെ അവധിയാണ്. വീട്ടില്‍ തന്നെ ചുരുണ്ട് കൂടി കിടക്കേണ്ടി വരും........ഇന്നലെ നല്ല മഴപെയ്തിരുന്നു. ഇന്നും തുടരുമെന്ന് കരുതുന്നു...ദീപാവളെ വെള്ളത്തിലാകുമോ എന്തോ.....
                                                 അപ്പൊ ഞാന്‍ പോയിട്ട് പിന്നെ വരാം....ബൈ ബൈ..........

Wednesday, June 1, 2011

2011 ജുണ്‍ മാസം ഒന്നാം തിയതി ബുധനാഴ്ച.............:- Bentin.

                                                           കഴിഞ്ഞ രണ്ടു ദിവസവും നല്ല ഓട്ടമായിരുന്നു. വീടിന്റെ കാര്യത്തിനു. ഇന്നലെ തങ്കമാളികൈ ഓഫീസില്‍ പോയി സംസ്സാരിച്ചു, ഒരു മാസം കൂടി സമയം വേണമെന്ന് ആവശ്യ പെട്ടു, അവരത് സമ്മതിക്കുകയും ചെയ്തു. ഇനി ഒരു മാസത്തിനുള്ളില്‍ വീട് മാറണം. അത് ചെയ്തു തീര്‍ക്കാവുന്നതേ ഉള്ളു. ഓഫീസ്സില്‍ കാര്യങ്ങള്‍ സുഗമമായി പോകുന്നു. ജോലികള്‍ എല്ലാം ഏകദേശം ഒതുങ്ങി. ഇനി സ്വസ്ഥം സുഖം.വീട് മാറിക്കഴിഞ്ഞാല്‍ അതിലും സുഖമാവും. എല്ലാം നല്ലപടിയായി നടന്നാല്‍ മതിയായിരുന്നു. കര്‍ത്താവേ....നീ തന്നെ ശരണം.
മോളുന്നു ഇന്ന് പരീക്ഷ തുടങ്ങുന്നു. പതിനേഴാം തിയതി വരെ പരീക്ഷയാണ്. അത് കഴിഞ്ഞു ഞാന്‍ ചെന്ന് വിളിച്ചോണ്ട് വരണം. പതിനേഴാം തിയതി തന്നെ ഇങ്ങോട്ട് വരണോ അതോ ഒരാഴ്ച കഴിഞ്ഞു വിളിച്ചോണ്ട് വന്നാല്‍ മതിയോ എന്നാണു ഞാന്‍ ആലോചിക്കുന്നത്.
                                                                എന്തായാലും പരീക്ഷ കഴിഞ്ഞിട്ട് തിരുവനന്തപുരത്ത് വീട്ടില്‍ കൊണ്ട് ചെന്നാക്കണം. പിന്നെ ഞാന്‍ പുതുച്ചേരിയില്‍ ഒന്ന് വന്നിട്ട് പോകേണ്ട ആവശ്യം ഉണ്ട്.അത് കൂടി കഴിഞ്ഞാല്‍ പിന്നെ അടുത്ത ആഴ്ച ചെന്ന് വിളിച്ചു കൊണ്ട് വരും. ഇപ്പൊ അതാണ്‌ തീരുമാനം.പിന്നെ അവിടെ ഹോസ്റ്റല്‍ ഒഴിയുന്നതാണ് നല്ലതെന്ന് മോള് പറഞ്ഞു. അതിന്റെ കാര്യവും ഒന്ന് നോക്കണം. ബാക്കിയൊക്കെ നന്നായി പോകുന്നു. പരീക്ഷയ്ക്ക് വേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്‌ഥിക്കുന്നു.....അപ്പൊ പിന്നെ കാണാം ....ബൈ...ബൈ....

Monday, May 30, 2011

2011 മേയ് മാസം മുപ്പതാം തിയതി തിങ്കളാഴ്ച ........:- Bentin

                                                        ഒത്തിരി തമാശകളുണ്ടായി കഴിഞ്ഞ രണ്ടു ദിവസത്തില്‍. ശനിയും ഞായറും കൊണ്ട് വീട് മാറണം എന്ന് തീരുമാനിച്ചതാണ്, പക്ഷെ നടന്നില്ല. പിന്നെയും ഒത്തിരി കാര്യങ്ങള്‍ ഉണ്ടായി. ഇന്നലെ അറുപതു രൂപ മുടക്കി ഏഴുപത്തിനാല് രൂപ ചിലവാക്കി.....ഒന്നും മനസ്സിലായില്ല അല്ലെ....കഴിഞ്ഞ ഒരാഴ്ച്ചയായി എനിക്ക് ചെറിയ ജലദോഷമുണ്ടായിരുന്നു, ഞാന്‍ ഡി കോള്‍ഡ് മരുന്ന് വാങ്ങി കഴിച്ചു....ശനിയാഴ്ച്ച ആയപ്പോ ഇത്തിരി ആശ്വാസം തോന്നി.....എന്നാലും നാലുനെരത്തെ മരുന്ന് കൂടി കഴിച്ചാല്‍ പൂര്‍ണമായും മാറുമായിരുന്നുള്. പക്ഷെ ഉച്ചയ്ക്ക് ചുമ്മാ കറങ്ങിത്തിരിഞ്ഞ്‌ വരുന്ന വഴിക്ക് ഞാന്‍ ഒരു ഫാന്റ വാങ്ങി കുടിച്ചു, രണ്ടു ലിറ്ററിന് അറുപതു രൂപ........അപ്പൊ ഒരു പകുതി ചെലവ് മനസ്സിലായി കാണുമല്ലോ........ഇതു കുടിച്ചു കുടിച്ചു അവസാനം എനിക്ക് വൈകുന്നേരമായപ്പോ.....തൊണ്ട വേദന തുടങ്ങി. പിന്നെ ചുമയും......അറുപതു രൂപകൊടുത്ത് വാങ്ങിയത് ഇതൊക്കെയാണ്......
വൈകിട്ട് ബീച്ചില്‍ ഒന്ന് കറങ്ങി.....തല വിയര്‍ത്തപ്പോ ചുമ വീണ്ടും കൂടി....വരുന്ന വഴിക്ക് മരുന്ന് വാങ്ങണം എന്ന് തീരുമാനിച്ചു......മരുന്ന് കടയില്‍ നിന്നും ഒരു കഫ്ഫ് സിറപ്പും , വികസ് വെപ്പോ റബ്ബിന്റെ ഒരു ടബ്ബയും, പിന്നെ എട്ടു ഡി കോള്‍ഡ് ടാബ്ലെട്ടും വാങ്ങി.....മൊത്തം എഴുപത്തിനാല് രൂപ.......ഇപ്പൊ വാലറ്റം വരെ കാര്യം മനസ്സിലായിട്ടുണ്ടാവുമല്ലോ.......അപ്പൊ ഇനി പിന്നെ കാണാം.......ബൈ ബൈ....

Friday, May 27, 2011

2011 മേയ്മാസം ഇരുപത്തിയേഴാം തിയതി വെള്ളിയാഴ്ച...Bentin :-

                                                                           ഏകദേശം ഒന്നേകാല്‍ മാസത്തിനു ശേഷമാണ് ഞാന്‍ ഈ ബ്ലോഗില്‍ എഴുതുന്നത്......മേയ് മാസം ഒന്‍പതാം തിയതി എന്റെ കല്യാണമായിരുന്നു. ഇപ്പോള്‍ കുടുംബസ്ഥന്‍. അങ്ങനെ ജീവിതത്തില്‍ വലിയൊരു സംഭവം നടന്നു....ഒത്തിരി വ്യത്യാസങ്ങള്‍ ഒന്നും ജീവിതത്തില്‍ വന്നിട്ടില്‍......ഇച്ചിരി കൂടി മാനസിക പിരിമുറുക്കം കൂടി എന്ന് തോന്നുന്നു.....പുതിയ ജീവിതത്തിന്റെ പുകച്ചിലാവും. കുറച്ചു കഴിയുമ്പോള്‍ ശാന്തമാകും എന്നാണു വിശ്വാസം.
                   മോളൂനു ഇപ്പൊ പരീക്ഷയാണ്......ജൂണ്‍ മാസം പതിനേഴാം തിയതി വരെ പരീക്ഷയുണ്ട്. പരീക്ഷ കഴിഞ്ഞിട്ട് മോളൂനെ പുതുചെരിയിലോട്ടു കൂട്ടികൊണ്ട് വരണം. ഒരു കുഞ്ഞു വീട് ശരിയായിട്ടുണ്ട്, ഇന്ന് അതിനു അഡ്വാന്‍സ് കൊടുത്തു കരാറെഴുതണം. ഏഴുമണിക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.
                       വീട്ടില്‍ കാര്യങ്ങള്‍ വളരെ ഭംഗിയായി പൊയ്ക്കൊണ്ടിരിക്കുന്നു. പപ്പയും അമ്മയും മരുമകളും ഇപ്പൊ വല്ല്യ ലോഹ്യത്തിലാണ്.ഞായറാഴ്ച മോളൂനെ ചിലപ്പോള്‍ അവളുടെ അമ്മ വന്നു കൊണ്ട് പോകും. തിരിച്ചു ഹോസ്റ്റലില്‍ പോകുന്നതിനു മുന്‍പ് ഒരുദിവസം വീട്ടില്‍ നില്‍ക്കണം എന്ന് അവള്‍ക്കും, നിര്‍ത്തണം എന്ന് അമ്മയ്ക്കും ആഗ്രഹം ഉണ്ട്.
                                                              എനിക്ക് ഈ ശനിയും ഞായറും കൊണ്ട് വീട് മാറണം. പുതിയ ചുറ്റുപാടുമായി പരിചയപെടണം. ഇതൊക്കെയാണ് എന്റെ മുന്നിലെ കടമ്പകള്‍. എല്ലാം ഭംഗിയായി നടക്കും എന്ന് തന്നെ വിശ്വസിക്കുന്നു. ഇന്ന് എല്ലാം നല്ലപടി നടന്നാല്‍ നന്നായിരുന്നു.
                                

Thursday, March 10, 2011

2011 മാര്‍ച്ച് പത്താം തിയതി വ്യാഴാഴ്ച.........:- Bentin

                                                                               കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതിയാണ് ഞാന്‍ അവസാനമായി ഇവിടെ എഴുതിയത്.ഏകദേശം ഇരുപതു ദിവസത്തെ ഇടവേള. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ദിവസങ്ങള്‍ എത്ര പെട്ടെന്നാണ് പോകുന്നത്. ഇന്ന് മുതല്‍ മോളുനു പ്രീ മാരിറ്റല്‍ കോഴ്സ് തുടങ്ങുകയാണ്. തിരുവനന്തപുരത്തെ എല്‍ എം എസ് കോമ്പോണ്ടില്‍ ഉള്ള പോളിയോ ഹോമില്‍ വെച്ചാണ് പരിശീലനം. ഞാനും കൂടെ പോകേണ്ടതാണ്. പക്ഷെ ജോലി സംബന്ധമായി വിദേശത്ത് പോകേണ്ടി വരും എന്നുള്ളതുകൊണ്ട് എനിക്ക് പോകാന്‍ കഴിഞ്ഞില്ല. നാളെ മിക്കവാറും ഞാന്‍ ഇന്ത്യ വിടും....പിന്നെ ഒന്നര മാസത്തെ പ്രവാസ കാലം. അവിടെ പോയാല്‍ ഒടുക്കത്തെ പണിയാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് സമയം പോകും. ഇനി കല്യാണം കഴിഞ്ഞിട്ട് പോകുക പ്രയാസമാണ്. അവള്‍ക്കാണെങ്കില്‍ കോളേജ് ഉള്ളതാണ് . ഇപ്പൊ പോയിട്ട് വന്നാല്‍ കൊള്ളാം.
                                                           ഇന്നിവിടെ വരാനുള്ള പ്രധാന വിഷയം മറ്റൊന്നാണ്. ഗൂഗിള്‍ ബസ്സില്‍ എനിക്ക് കുറേ ഫോളോവേര്‍സിനെ കിട്ടി. എന്റെ പിറകെ വന്നപ്പോ ഞാന്‍ കരുതി എന്റെ കഥയോ കവിതയോ കണ്ടു ഇഷ്ട്ടപെട്ടവരായിരിക്കും എന്നാണു. പക്ഷെ പിന്നീടാണ് ആ സത്യം മനസ്സിലാക്കിയത്. അവരെല്ലാം പത്രപ്രവര്‍ത്തകര്‍ ആണ്.....പിന്നെ തികഞ്ഞ കമ്യൂണിസ്റ്റ് വാദികളും. കേന്ദ്ര സര്‍ക്കാരിനെയും കൊണ്ഗ്രസ്സിനെയും കൊച്ചാക്കി കാണിക്കലാണ് പ്രധാന കലാപരിപാടി. പത്രപ്രവര്‍ത്തകര്‍ നിഷ്പക്ഷരാണെന്നായിരുന്നു ഞാന്‍ വിചാരിച്ചെ, പക്ഷെ ഇത് മഹാ ബോറാണ്. ഒരു ഉപകാരം ചിലപ്പോള്‍ വാര്‍ത്തകള്‍ കിട്ടുന്നു എന്നുള്ളതാണ്.
                                                            അപ്പൊ ഇനി പിന്നെ കാണാം.....കുറച്ചു ജോലി ചെയ്യാനുണ്ട്. കെവിന്‍ അവിടെ ഒറ്റയ്ക്ക് കഷ്ടപെടുകയാണ്. എത്രയും പെട്ടെന്ന് അവിടെ എത്തിയാല്‍ നന്നായിരുന്നു. .................റ്റാ റ്റാ ...ബൈ ബൈ...

Monday, February 21, 2011

2011 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി തിങ്കളാഴ്ച...............:- Bentin

                                                                  ഇന്ന് നല്ല ദിവസമാണോ എന്ന് ചോദിച്ചാല്‍ ആണോ....മോളുനു ഇന്ന് നല്ല പനി, ഉച്ചയ്ക്ക് ഹോസ്റ്റലില്‍ ചെന്ന് മരുന്നൊക്കെ കഴിച്ചു കിടന്നുറങ്ങി.ഇപ്പൊ കുഴപ്പമൊന്നും ഇല്ല. നാളെ പരീക്ഷയാണ്.അത് കോളേജുകാരുടെ ഒരു തമാശ....പിന്നെ ഇന്ന് ഓഫീസ്സില്‍ കുറച്ചു പണി കൂടുതല്‍ ആയിരുന്നു.അതുകൊണ്ട് ഇന്നത്തെ ദിവസം പെട്ടെന്ന് പോയി.ഒന്നും എഴുതാന്‍ തോന്നുന്നില്ല ........അപ്പൊ പിന്നെ കാണാം ബൈ ബൈ...